Tuesday, September 04, 2007

മഴത്തുള്ളികള്‍ കണ്ട ഭൂമി

ഇളം വെയിലിന്‍ ചൂടേറ്റ് ചില ഫ്ലാറ്റുകള്‍ നില്‍ക്കവേ
അകലത്തെ കാറ്റൊരു പെരു മഴ കൊണ്ടുവന്നു
സൂര്യതാപത്തില്‍ തപിച്ച സൌധങ്ങള്‍ക്കായി
പെരുമഴ മാനത്ത് കരിങ്കുട തീര്‍ത്തു

ഇലകളില്‍ തട്ടി ഭൂമിയെ പുണരുവാന്‍
ആശിച്ച പെരുമഴത്തുള്ളികള്‍ പക്ഷെ
വന്നു പതിച്ചു ചുടു കോണ്‍ക്രീറ്റ് ചുവരില്‍
പിന്നെയവ യാത്രയായ് ഓടകള്‍ തേടി

ഭൂമിലേക്കുള്ള യാത്രക്ക് മുന്‍പേ
കടലമ്മ ന‍ല്‍കിയ ഊഴിയുടെ വിവരണം
തെറ്റെന്ന് പെരുമഴത്തുള്ളികള്‍ അറിയവെ
മാറിയൊരു ഫ്ലാറ്റിന്‍ തറക്കല്ല് വീണു

Sunday, May 27, 2007

കഥ പറയുന്ന കായലോളങ്ങള്‍

അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കേരള മുഖ്യമന്ത്രി ശ്രീ അച്ചുതാന‍ന്ദന്‍ നടത്തിക്കൊണ്ടിരിക്കുന്ന നടപടിക്രമങ്ങളെ പ്രശംസിച്ചു കൊണ്ട്...
അനധികൃത കയ്യേറ്റം കാരണം കാലയവനികക്കുള്ളില്‍ മറയാന്‍ പോകുന്ന ഒരു കായലിന് വേണ്ടി...

* * * * *

ഹരിതാഭയാര്‍ന്ന കുന്നുകളാല്‍ ചുറ്റപ്പെട്ട, പ്രകൃതിരമണീയവും തെളിനീര്‍ നിറഞ്ഞതുമായ ഈ തടാകത്തില്‍ ദേശാടനക്കിളികള്‍ നിത്യസന്ദര്‍ശകരായിരുന്നു. അടുത്ത കൊല്ലം കാണാം എന്നും പറഞ്ഞ് പറന്ന് പോയ അവ പിന്നെ മടങ്ങിവന്നില്ല. ഈ കായലിനേയും പരിസ്ഥിതിയേയും ബാധിച്ച അസ്ഥിരതയുടെ സൂചനയായിരുന്നോ അത്? വെള്ളായണിക്കായല്‍! കേരളത്തിലെ മൂന്ന് ശുദ്ധജല തടാകങ്ങളില്‍ ഒന്ന്. കാലത്തിന്റെ പ്രയാണത്തില്‍ മനുഷ്യന്റെ കടന്നു കയ്യറ്റത്തിനും ചൂഷണത്തിനും ഇരയാകേണ്ടി വന്ന പ്രകൃതിയുടെ പൊന്നോമനപ്പുത്രി.

തിരുവനന്തപുരം ജില്ലയുടെ തെക്ക് ഭാഗത്ത് കല്ലിയൂര്‍, വെങ്ങാനൂര്‍, തിരുവല്ലം, നേമം എന്നീ പഞ്ചായത്തുകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന വെള്ളായണിക്കായല്‍, അതിന്റെ ശുദ്ധജല സമൃദ്ധി കൊണ്ടും പ്രകൃതിരമണീയത കൊണ്ടും പ്രസിദ്ധമായിരുന്നു. തിരുവിതാംകൂര്‍ രാജഭരണക്കാലത്ത് മഹാരാജാവ് ഒരു രാജസൌധം പണികഴിപ്പിക്കാന്‍ തെരഞ്ഞെടുത്തത് ഈ കായലിന്റെ തീരമായിരുന്നു എന്നത് ഇതിന്റെ മനോഹാരിതയ്ക്ക് തെളിവാണ്. ഗതകാലസ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് ഒരു സ്മൃതിമണ്ഡപം പോലെ തലയുയര്‍ത്തി നില്‍ക്കുന്ന കോയിക്കല്‍ കൊട്ടാരമാണ് ഇന്ന് നാം കാണുന്ന വെള്ളായണി കാര്‍ഷിക കോളേജ്.

വെള്ളായണി കായലിന്റെ പിറവിക്കു പിന്നില്‍ പുരാണങ്ങളുടെ ദിവ്യസ്പര്‍ശമുണ്ട്. ശ്രീകൃഷ്ണനില്‍ നിന്നും ‘ഭൂമിയൂടെ അന്ത്യം വരെയും ജീവിക്കുക’ എന്ന ശാപം കിട്ടിയ അശ്വത്ഥാമാവ് ഈ ലോകത്തിലെ കഠിനയാഥാര്‍ത്ഥ്യങ്ങളുടെ നടുവിലൂടെയുള്ള യാത്രാമധ്യേ ഇവിടത്തെ ഒരു കര്‍ഷകനോട് ശുദ്ധജലം ആവശ്യപ്പെട്ടുവെന്നും അപ്പോള്‍ ഗംഗാ ജലത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച അയാളോട് ‘നിന്റെ ഗംഗ ഇവിടെത്തന്നെയുണ്ട്’ എന്ന് പറഞ്ഞു കൊണ്ട് ഒരു നെല്‍ക്കൊടി വലിച്ചൂരിയപ്പോള്‍ അവിടെ ഗംഗാജല പ്രവാഹം ഉണ്ടായി എന്നും അതാണ് വെള്ളായണിക്കായലായി പരിണമിച്ചതെന്നുമാണ് ഐതീഹ്യം. എന്നാല്‍ 1990കളില്‍ നായര്‍ കമ്മിറ്റിയുടെ പഠന റിപ്പോര്‍ട്ടില്‍ കരമന ആറിന്റെ പാര്‍ശ്വഭാഗത്തെ താഴ്ന്ന പ്രദേശങ്ങളില്‍ ഒഴുകിയെത്തിയ ജലം തിരിച്ചുപോകാനാകാതെ ഒരു ജലാശയമായി രൂപം പ്രാപിച്ചതാണ് വെള്ളായണിക്കായല്‍ എന്നു പറയുന്നു. ‘ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ’ യുടെ അനുമാനം ചുറ്റുമുള്ള ചെറുകുന്നുകളില്‍ നിന്നും ഉത്ഭവിക്കുന്ന ഉറവകളില്‍ നിന്നുമാണ് വെള്ളായണിക്കായല്‍ രൂപം കൊണ്ടത് എന്നാണ്. എന്തുതന്നെയായാലും സമീപഗ്രാമങ്ങളിലെ എതൊരു സാധാരണക്കാരന്റെയും ഗംഗ തന്നെയാണ് വെള്ളായണി കായല്‍.

‘പള്ളിച്ചല്‍ തോട്’ എന്ന ചെറു നദിയും ‘64 കാല്പോക്കുകള്‍’ എന്നറിയപ്പെടുന്ന ചെറു തോടുകളും ചുറ്റുമുള്ള കുന്നിന്‍ ചെരുവുകളിലെ നീരുറവകളില്‍ നിന്നെത്തുന്ന തെളിനീരും പോഷിപ്പിക്കുന്ന വെള്ളായണിക്കായല്‍, കല്ലിയൂര്‍ പഞ്ചായത്തിലെ 6 വാ‍ര്‍ഡുകളിലായി വ്യാപിച്ചു കിടക്കുന്നു. സര്‍ സി. പി. യുടെ ഭരണകാലത്ത് വെള്ളായണിക്കായലിനെയും വിഴിഞ്ഞം കടലിനെയും ഒരു ജലപാതവഴി ബന്ധിപ്പിച്ച് കായലിനെ ഒരു കപ്പല്‍ സങ്കേതമാക്കി മാറ്റാനുള്ള ആലോചനയുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ കടലില്‍ നിന്നുള്ള ഉപ്പുവെള്ളം ഈ കായലിന്റെ ശുദ്ധജലസമ്പത്തിനെയും പരിസ്ഥിയെയും പണ്ടേ നശിപ്പിക്കുമായിരുന്നു. തിരുക്കൊച്ചി സംസ്ഥാന രൂപീകരണത്തോടെ വെള്ളായണിക്കായലിന്റെ ഭാഗ്യമെന്നോണം ഈ ആശയം അസ്ഥമിച്ചു.

അമ്പതുകളുടെ തുടക്കത്തിലെ ‘grow more food program' ന്റെ ഭാഗമായി കായല്‍ നിലം സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കിക്കൊണ്ട് വെള്ളായണിക്കായലിന്റെ പല ഭാഗങ്ങളിലും നെല്‍കൃഷി ആരംഭിച്ചു. ഇതിനെ തുടര്‍ന്ന് 1957ല്‍ കൃഷി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഒരു പാടശേഖരസമിതി രൂപവല്‍ക്കരിക്കുകയും ചെയ്തു. ഡിസംബര്‍ മുതല്‍ മെയ് വരെ നീളുന്ന പുഞ്ചക്കൃഷിക്കായി കായലിനെ ബണ്ട് കെട്ടി തിരിക്കുകയും വെള്ളം പമ്പ് ചെയ്ത് ബണ്ടിനപ്പുറത്താക്കി ഇങ്ങേ വശത്ത് കൃഷി ചെയ്യുകയുമാണ് ചെയ്തിരൂന്നത്. അങ്ങനെ ഒരുപ്പൂ കൃഷിക്കാലത്ത് പാടശേഖരമായി വര്‍ത്തിച്ച് ജനങ്ങളെ ഊട്ടിയ വെള്ളായണിക്കായല്‍, അടുത്ത 6 മാസം മത്സ്യസമ്പത്ത് കൊണ്ടും ജലസമൃദ്ധികൊണ്ടും നാട്ടുകാരുടെ അന്നദാതാവായി വര്‍ത്തിച്ചു. കൂടാതെ സഹകരണത്തിലധിഷ്ഠിതമായ ഒരു പുതിയ കാര്‍ഷിക സംസ്കാരത്തിന് രൂപം നല്‍കുന്നതിനും അങ്ങനെ വെള്ളായണിക്കായല്‍ ഒരു മാധ്യമമായി.

1953ല്‍ വെള്ളായണി കാര്‍ഷിക കോളേജ് സ്ഥാപീകൃതമായതിന് ശേഷം കോളേജിന്റെ നേതൃത്വത്തിലായിരുന്നു കൃഷി ജോലികള്‍ നടന്നു വന്നിരുന്നത്. ഹരിത വിപ്ലവത്തിന്റെ ഭാഗമായി ആവിര്‍ഭവിച്ച ശാസ്ത്രീയ കൃഷി രീതികള്‍ മണ്ണിലും പരിസ്ഥിതിയിലും അവ ഏല്‍പ്പിച്ചേക്കാവുന്ന പ്രത്യാഖാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ രാസകീടനാശിനികളുടെയും വളങ്ങളുടെയും ഉപയോഗം നിഷ്കര്‍ഷിച്ചപ്പോള്‍, ഒരു ശുദ്ധജലതടാകമായ വെള്ളായണിക്കായലിലെ കൃഷിയിടങ്ങളിലുള്ള അവയുടെ ഉപയോഗം കായലിന്റെ പാരിസ്ഥിക പ്രശ്നങ്ങള്‍ക്ക് കാരണമായി. വെള്ളായണിക്കായലിന്റെ ശനിദിശ അവിടെ തുടങ്ങുകയായിരുന്നു. കാലം തെറ്റി മുന്‍പേ എത്തുന്ന ഇടവപ്പാതി നൂറ് മേനി വിളഞ്ഞു നില്‍ക്കുന്ന നെല്‍പ്പാടങ്ങളെ വെള്ളത്തില്‍ മുക്കിയപ്പോള്‍ പൂഞ്ചക്കൃഷി നഷ്ടമായി പരിണമിച്ചു. വേനല്‍ക്കാലത്തെ വെള്ളം വറ്റിക്കല്‍ സമീപഗ്രാമങ്ങളെ വരള്‍ച്ചയിലേക്കു നയിച്ചു. ഭൂഗര്‍ഭ ജലവിതാനം താഴ്ന്നു പോയതായി ശാസ്ത്രീയ പഠനങ്ങള്‍ വെള്ളിപ്പെടുത്തി. ശുദ്ധജലം ലോറികളില്‍ കയറ്റി ഗ്രാമങ്ങളിലെത്തിക്കേണ്ട ഗതികേടും അക്കാലത്ത് സംഭവിച്ചു. ഇതിനെല്ലാം പുറമേ മറ്റു ചില പാരിസ്ഥിക പ്രശ്നങ്ങളും വെള്ളായണിക്കായലിനെ വേട്ടയാടി.


കയ്യേറിയ സ്ഥലത്ത് തെങ്ങ് നട്ടിരിക്കുന്നു.


വര്‍ദ്ധിച്ച കീടനാശിനി പ്രയോഗം കായലിലെ ജീവജാലങ്ങളെയും ബാധിച്ചു. ഒരു കാലത്ത് കായലില്‍ സുലഭമായിരുന്ന കരിമീന്‍, വരാല്‍, കൊഞ്ച് എന്നിവ അപ്രത്യക്ഷമായിത്തുടങ്ങി. ഇതിനുദാഹരണമായി കാട്ടാവുന്നത് ചെറിയ വരാല്‍ (Channa Striatus) എന്ന മത്സ്യത്തിന്റെ എണ്ണത്തില്‍ വന്ന ഭീമമായ കുറവാണ്. മത്സ്യങ്ങളുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ നാശം കൊതുക്, ഈച്ച മുതലായ സാംക്രമിക രോഗവാഹകരായ പ്രാ‍ണികളുടെയും മറ്റ് കീടങ്ങളുടെയും വര്‍ദ്ധനവിന് കാരണമായി. കേരളത്തില്‍, ഒരു പക്ഷെ ലോകത്തില്‍ തന്നെ, വിരളമാ‍യിക്കൊണ്ടിരിക്കുന്ന ശുദ്ധജല കൊഞ്ചിന്റെ (fresh water prawn) എണ്ണത്തിലും വലുപ്പത്തിലും വന്ന കുറവും ശ്രദ്ധേയമാണ്.

ഇതിനിടയില്‍ പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന രീതിയില്‍ ചില സ്വകാര്യ വ്യക്തികള്‍ നെല്‍കൃഷിക്കു വേണ്ടി പാട്ടത്തിന് ലഭിച്ച കായല്‍ പ്രദേശം കാലാകാലങ്ങളില്‍ വന്ന സര്‍ക്കാരുകളെ സ്വാധീനിച്ച് പട്ടയം സമ്പാദിച്ച് സ്വകാര്യ ഭൂമികളാക്കി മാറ്റി. അനുദിനം മലീമസമായിക്കൊണ്ടിരിക്കുന്ന കായല്‍ജലവും ചത്തു പൊങ്ങുന്ന ജലജീവികളും സ്ഥിതിഗതികള്‍ വഷളാക്കിക്കൊണ്ടിരുന്നു. ഇവ പരിസരവാസികളുടെ ആരോഗ്യ പ്രശ്നങ്ങളുടെ നിത്യേനെയുള്ള കാരണങ്ങളായപ്പോള്‍ പരിസ്ഥിതി സംരക്ഷകരും പ്രകൃതി സ്നേഹികളും കായല്‍ വറ്റിച്ച് കൃഷി ചെയ്യുന്നതിനെതിരെ രംഗത്തിറങ്ങി. ഇതിനെത്തുടര്‍ന്ന് കേരളത്തിലെ ശുദ്ധജല തടാകങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ 9-താം നിയമസഭ നിയമിച്ച പരിസ്ഥിതിക്കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍പ്രകാരം 1993ല്‍ വെള്ളായണിക്കായലിലെ പുഞ്ചക്കൃഷി നിര്‍ത്തലാക്കി.

വെള്ളാ‍യണിക്കായലിന്റെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ അവസാനിച്ചു എന്ന് കരുതിയവര്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് മറ്റ് ചില പ്രശ്നങ്ങള്‍ അവിടെ തുടങ്ങുകയായിരുന്നു. കായല്‍ നിലം പതിച്ചു വാങ്ങിയ ചിലര്‍ അവ മണ്ണിട്ട് നികത്തി പുരയിടങ്ങള്‍ ആക്കാന്‍ തുടങ്ങി. കൂടുതല്‍ വിളവിനായി കായലില്‍ മണ്ണുകൂട്ടി തെങ്ങ് നടുക എന്ന വെള്ളായണി കാര്‍ഷിക കോളേജ് ആവിഷ്കരിച്ച ഭ്രാന്തന്‍ ആശയം ഒരു കാരണമാക്കി പിന്‍തുടര്‍ന്ന് മറ്റുള്ളവരും പതിച്ച് കിട്ടിയ കായല്‍ നിലത്ത് തെങ്ങുകള്‍ നടുവാന്‍ ആരംഭിച്ചു. ഇവ പിന്നീട് തെങ്ങിന്‍ തോപ്പുകളും പുരയിടങ്ങളും മണിമേടകളും ആയി മാറി. തൊണ്ണൂറുകളുടെ മധ്യത്തില്‍ ഈ പ്രവണത ശക്തി പ്രാപിച്ചു. അങ്ങനെ ആ‍റ് മാസം കൃഷി ചെയ്തിട്ട് തിരികെ നല്‍കാം എന്ന ഉറപ്പിന്മേല്‍ പകുത്തു നല്‍കപ്പെട്ട വെള്ളായണിക്കായല്‍ മുന്‍പുണ്ടായിരുന്നതുപോലെ കായലായി തിരിച്ചെത്തിയില്ല എന്ന് മാത്രമല്ല ചിലവ എന്നെന്നേക്കുമായി കൃഷിയിടങ്ങളായി മാറി; ചിലവ പുരയിടങ്ങളായും മറ്റ് ചിലവ ചതുപ്പ് നിലങ്ങളായും അവശേഷിച്ചു.

കയ്യേറിയ സ്ഥലം മതില്‍ കെട്ടി തിരിച്ചിരിക്കുന്നു.


ഈ അവസ്ഥാന്തരം നല്‍കുന്ന സ്ഥിതിവിവരക്കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഏതാണ്ട് 50 കൊല്ലങ്ങള്‍ക്ക് മുന്‍പ് 750 ഓളം ഹെക്ടര്‍ (1750 ഓളം ഏക്കര്‍) വിസ്തൃതിയുണ്ടായിരുന്ന വെള്ളായണിക്കായല്‍ സ്വകാര്യ വ്യക്തികളുടെ കടന്ന് കയറ്റത്തെത്തുടര്‍ന്ന് ഇന്ന് വെറും 227 ഓളം ഹെക്ടര്‍ (550 ഓളം ഏക്കര്‍) ആയി മാറി. അതായത് മൊത്തം വിസ്തൃതിയുടെ മൂന്നിലൊന്ന്! ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒട്ടകത്തിനു സ്ഥലം കൊടുത്ത പ്രതീതി. ഇതിനിടയില്‍ ഏതോ രാഷ്ട്രീയക്കാരന്റെ നാവില്‍ കളിയാടിയ വികട സരസ്വതി - വെള്ളായണിക്കായലില്‍ 500 കോടിയുടെ ടൂറിസം പദ്ധതി കൊണ്ടുവരും - ക്രിയാത്മകമായി നടന്നില്ല എന്ന് മാത്രമല്ല, അത് നികത്തല്‍ പ്രക്രിയക്ക് ഉല്‍പ്രേരകവുമായി. കച്ചവടക്കണ്ണുകളുമായി കായല്‍ തീരങ്ങളില്‍ ഉറ്റുനോക്കിയ മറുനാടരുടെ ലക്ഷ്യം കായല്‍ സംരക്ഷണമായിരുന്നില്ല, മറിച്ച് കായലിനെ അപകടകരമാംവിധം ചൂഷണം ചെയ്യുക എന്നതായിരുന്നു. ഇത് അക്ഷരാര്‍ത്ഥത്തില്‍ നികത്തല്‍ പ്രക്രിയയുടെ ആക്കം കൂട്ടി. സ്ഥലവാസികള്‍ തങ്ങളുടെ പാടങ്ങള്‍ അവര്‍ക്ക് വില്‍ക്കാന്‍ ആരംഭിച്ചു. കായലുമായി യാതൊരു മാനസിക ബന്ധവും ഇല്ലാത്ത ഇവര്‍ കായല്‍ നികത്തല്‍ നിര്‍ബാധം തുടര്‍ന്നു. ഇങ്ങനെ പോയല്‍ ഒരു പക്ഷെ വെള്ളായണിക്കായല്‍ ചരിത്രത്തില്‍ മാത്രം അവശേഷിക്കുന്ന ഒരു സമയം വന്നേക്കാം.

വിവിധ സാമൂഹ്യസംഘടനകളും നാട്ടുകാരും ഇതിനെതിരെ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചിട്ടിണ്ട്. പക്ഷെ ഇവയുടെയെല്ലാം പ്രവര്‍ത്തനം കൊണ്ടു പോലും കായല്‍ നിലം നികത്തുന്നത് തടയാന്‍ സാധിക്കുന്നില്ല. ഇപ്പോള്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകദേശം നിലച്ച മട്ടാണ്. ഒരു കൂട്ടം ആളുകള്‍ കായല്‍ വീണ്ടും കൃഷിക്കനുയോഗ്യമാക്കണമെന്ന ആവശ്യത്തിലാണ്. കായല്‍ ഒന്നുകില്‍ വറ്റിച്ച് കൃഷി ചെയ്യണം അല്ലെങ്കില്‍ സര്‍ക്കാര്‍ തങ്ങളുടെ ഭൂമി വിലക്കെടുത്ത് കായലിനോട് ചേര്‍ക്കണം എന്ന് വാദിക്കുന്നവരും ഉണ്ട്. പക്ഷെ ആരും വെള്ളായണിക്കായലിനെ കുറിച്ച് മാത്രം ചിന്തിക്കുന്നില്ല.

കായലുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്ന ഒരു പാട് പേരെയും ഈ പ്രശ്നം ബാധിക്കുന്നു. കായലില്‍ മത്സ്യബന്ധനം നടത്തുന്നവര്‍, താറാവ് വളര്‍ത്തുന്നവര്‍ തുടങ്ങിയവര്‍ ഇവരില്‍ ചിലരാണ്. കായലിന്റെ വിസ്തൃതി കുറഞ്ഞത് കാരണം വര്‍ദ്ധിച്ച അന്തരീക്ഷ താപനില, മഴയിലുണ്ടാ‍യ കുറവ്, കിണറുകളിലെ ജലവിതാനത്തിലുണ്ടായ താഴ്ച, ഭൂഗര്‍ഭ ജലത്തിന്റെ അളവിലുണ്ടായ കുറവ് മുതലായവ കായല്‍ നികത്തലുമായി ബന്ധപ്പെട്ട നീറുന്ന പ്രശ്നങ്ങളാണ്. ഒരു കാലത്ത് ഈ കായല്‍ താമരപ്പൂക്കളാല്‍ നിറഞ്ഞിരുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിത്യ പൂജയ്ക്ക് താമരപ്പൂക്കള്‍ നല്‍കിയിരുന്ന ഈ കായലില്‍ പൂക്കളുടെ സ്ഥാത്ത് ഇന്നു ആഫ്രിക്കന്‍ പായലും ആല്‍ഗകളും മറ്റ് മാലിന്യങ്ങളുമാണ്. ഇവയെല്ലാം തന്നെ വെള്ളായണിക്കായലുമായി ബന്ധപ്പെട്ട ഇന്നും തുടരുന്ന പ്രശ്നങ്ങളാണ്.

ഇത്തരത്തില്‍ കായലിനെ നശിപ്പിക്കുമ്പോഴും മാനവരാശിയുടെ നന്മയ്ക്ക് വേണ്ടി കായലിനെ ഉപയുക്തമാക്കാനുള്ള കാര്യങ്ങള്‍ ആരും ചെയ്യുന്നില്ല്ല. വെള്ളായണിക്കായലില്‍ നിന്നും തിരുവനന്തപുരം നഗരത്തിനാവശ്യമായ ശുദ്ധജലം ലഭ്യമാക്കാനുള്ള ഒരു പദ്ധതി 1996ല്‍ നെതര്‍ലാന്‍ഡ്സുമായി സഹകരിച്ച് നടത്താന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. അരുവിക്കരയില്‍ നിന്നും വെള്ളം കൊണ്ടുവരുന്നതിനെക്കാള്‍ എളുപ്പവും ചെലവ് കുറഞ്ഞതും ഇതാണെന്നുള്ളതുകൊണ്ട് ഈ പദ്ധതി പ്രധാന്യം അര്‍ഹിക്കുന്നു. കായലിന്റെ പ്രകൃതിരമണീയത ഉപയോഗിച്ചുകോണ്ട് ഇവിടം ഒരു ടൂറിസം കേന്ദ്രം ആക്കാനുള്ള ഒരു പദ്ധതിയുമുണ്ട്. പക്ഷെ ഏതൊരു സര്‍ക്കാര്‍ പദ്ധതിയും എന്ന പോലെ ഇവയും ചുവപ്പൂ നാ‍ടകളിലെവിടെയോ കൂരുങ്ങിപ്പോയി. കേന്ദ്രസര്‍ക്കാറിന്റെ ‘തണ്ണീര്‍ത്തട പദ്ധതി’ യുടെ കീഴില്‍ ഭാരതത്തിലുടനീളം ഉള്‍നാടന്‍ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്ന ഈ സമയത്ത് പോലും വെള്ളായണിക്കായലിന്റെ രോദനം ആരും കേള്‍ക്കുന്നില്ല.

മനുഷ്യന്റെ പ്രകൃതിക്കു നേരെയുള്ള ചൂഷണത്തിനു ഉത്തമോദാഹരണമായി വെള്ളായണിക്കായല്‍ ജീവിക്കുന്നു. നഗരവല്‍ക്കരണം ഗ്രാമങ്ങളുടെ അടിത്തറയിളക്കുമ്പോള്‍ അസ്തിത്വം നഷ്ടപ്പെടുന്ന അനേകം പ്രകൃതി വിഭവങ്ങളുടെ മുന്‍ നിരയിലും വെള്ളായണിക്കായല്‍ തന്നെ. താന്‍ പരിപാലിക്കുന്ന തന്റെ മക്കള്‍ തന്നെ സ്വന്തം ശവകുടീരം തീര്‍ക്കുമ്പോള്‍ അത് പ്രകടിപ്പിക്കാനാകാതെ നൊമ്പരപ്പെടുന്ന ഒരമ്മയുടെ വിലാപം ആ ഓളങ്ങളിലെവിടെയോ മുഴങ്ങുന്നില്ലേ?

Monday, April 17, 2006

പായ്ക്കപ്പലുകൾ

സൂര്യന്‍ ഈയിടെയായി ഉദിക്കുന്നത് മലകളുടെ അപ്പുറത്തല്ല മറിച്ച് മാനം മുട്ടുന്ന കോണ്‍‍ക്രീറ്റ് സൌധങ്ങളുടെ മറവിലാണ്. ഞാന്‍ സൂര്യനെ കാണുന്നത് ഇലകളുടെ ഇടയിലൂടെയും അല്ല മറിച്ച് എന്റെ ഫ്ലാറ്റിന്റെ അഴിയില്ലാത്ത ചെമ്പിച്ച നിറമുള്ള ജനാലയിലൂടെയാണ്. അല്പനേരം കൂടെ കഴിഞ്ഞാല്‍ ഞാനും മുന്നില്‍ കാണുന്ന ജനസാഗരത്തിന്റെ ഭാഗമാകും. എന്നിട്ട് ജയിലറകളെന്ന് തോന്നിക്കുന്ന ക്യുബിക്കിളുകളില്‍ ഒരെണ്ണത്തില്‍ പോ‍യി ഒളിക്കും. പൊട്ടക്കിണറ്റിലെ തവളയെപ്പോലെ എന്റെ ലോകം ഈ നാലു ചുമരുകൾക്കുള്ളില്‍ ഭദ്രം. അടുത്തിരിക്കുന്ന ഫ്ലവര്‍ വേസ് വളരെ ആകര്‍ഷകം ആണ്. പക്ഷെ അതില്‍ എന്നുമെന്നും പൂക്കള്‍ മാറ്റേണ്ട ആവശ്യം ഇല്ല. ഏകാന്തതയെ സ്നേഹിക്കുന്ന എന്നെ അതില്‍ നിന്നും അലോസരപ്പെടുത്താന്‍ ഒരു ടെലഫോണും ഉണ്ട്. ഇതിന് മുന്‍പ് ഈ ക്യുബിക്കിളില്‍ ഉണ്ടായിരുന്ന അന്തേവാസി ഉപേക്ഷിച്ചിട്ട് പോയ ഒരു അനാഥ ഗ്രീറ്റിങ്ങ് കാര്‍ഡും കൂടെ ചേര്‍ന്നാല്‍ എന്റെ കുഞ്ഞു ലോകം ആയി.

ഇന്നലെ മഴ പെയ്തു. മഴത്തുള്ളികള്‍ ജന്മം നല്‍കുന്ന കുഞ്ഞ് കുഞ്ഞ് ചോലകള്‍ കീറി മുറിച്ച് മുന്നേറാന്‍ കടലാസ് കപ്പലുകള്‍ എന്തേ ഇതു വരെ പടയൊരുക്കം ആരംഭിച്ചില്ലാ? ഏകാന്തത എനിക്ക് മാത്രമല്ല മഴത്തുള്ളികള്‍ക്കും ഉണ്ടെന്നറിഞ്ഞപ്പോള്‍ മറ്റൊരു സുഹൃത്തിനെ കിട്ടിയ തോന്നല്‍. സൌഹൃദത്തിന്റെ തുടക്കം എപ്പോഴും അങ്ങനെ ആണല്ലോ. കടലാസ്സ് കപ്പലുകള്‍. സൌഹൃദം. കപ്പലുകള്‍.

അങ്ങനെ വീണ്ടും കഥ കപ്പലില്‍ തന്നെ എത്തി. ഒരു പായ്ക്കപ്പല്‍. അല്ല അനേകം പായ്ക്കപ്പലുകല്‍. പക്ഷേ ഇവ ഒന്നും എനിക്ക് സുപരിചിതം ആയവ അല്ല. അവ എവിടെ പോയി? ഒരുമിച്ച് പടയൊരുക്കങ്ങള്‍ നടത്തിയ ആ പഴയ പായ്ക്കപ്പല്‍ വ്യൂഹം. അവ എവിടെ പോയി? അങ്ങു ദൂരെ ചക്രവാള സീമയില്‍ ഒരു മിന്നിത്തിളക്കം. പരിചിതമായ ഒരു പടവിളി. മറ്റാരൊക്കെയോ നിയന്ത്രിക്കുന്ന എന്റെ പായ്ക്കപ്പല്‍ എന്നെ അവിടെ എത്തിക്കുമോ? സ്വന്തം കപ്പലിന്റെ നിയന്ത്രണം പോലും ഇല്ലാത്ത ഈ കപ്പിത്താന് ആക്രോശിക്കാനല്ലാതെ എന്ത് ചെയ്യാന്‍ കഴിയും? ആ മിന്നിത്തിളക്കത്തിന്റെ അരികില്‍ എത്താനുള്ള വ്യഗ്രതയിലും ഈ കപ്പിത്താന്റെ മനസ്സില്‍ വേദന ഇല്ല. മറിച്ച് ശുഭാപ്തിവിശ്വാസം മാത്രം. കാരണം ഈ ശക്തികള്‍ക്കൊക്കെ അവന്റെ പായ്ക്കപ്പലിനെ മാത്രമല്ലേ നിയന്ത്രിക്കാന്‍ കഴിയൂ. മനസ്സിനെ...

Saturday, December 17, 2005

പ്രതീക്ഷമേഘങ്ങൾ പണ്ടെങ്ങോ വിടചൊല്ലിപ്പോയൊരീ
ശൂന്യമാം വാനിന്റെ മച്ചുകത്തിൽ
ഒരു നവ താരം ഉദിച്ചങ്ങ് ദൂരത്ത്
നീ അതു കണ്ടോടീ കൊച്ചു ത്രേസ്യേ?

എന്നെന്നുമീമണ്ണിൽ വീഴും വിയർപ്പങ്ങ്
മാനത്ത് പോയൊരു പൊന്മേഘമായ്
മഴയില്ലാക്കാലത്ത് ഈ കരി മണ്ണില്
പൊഴിയുവാൻ കേഴെടീ കൊച്ചു ത്രേസ്യേ!

അകലേക്ക് നോക്കുന്ന കണ്ണുകൾ രണ്ടിലെ
ചേതന വറ്റാതെ കാത്തുകൊള്ളാൻ
നമ്മുടെ വയലില് പൊന്മേനി വിളയുവാൻ
ഈശനോടോതുക കൊച്ചു ത്രേസ്യേ!

Thursday, December 15, 2005

വിയോഗംവിയോഗം അതീശ്വരനിശ്ചയമെങ്കിലും
പിരിയാൻ കൊതിക്കാത്ത മാനസം കേവലം
മർത്ത്യനെ പുൽകാത്ത സ്വപ്നങ്ങൾ പോലെ
ക്ഷണനശ്വരം എന്നോർക്കുക യാത്രികാ.

Sunday, October 30, 2005

ഹജിയാലിയിലെ സായാഹ്നം - ഭാഗം 4

മൂന്ന് മാസം ഒന്നും ഒരു സമയമേ അല്ല എന്ന രീതിയിൽ എന്റെ അമേരിക്കൻ ജീവിതം അവസാനിച്ചു. ക്ലയന്റിന്റെ ഭാഗത്തുനിന്നുള്ള സമ്മർദ്ദവും മേലുദ്യോഗസ്ഥരുടെ ശകാരങ്ങളും കീഴിൽ ജോലി ചെയ്യുന്നവരുടെ നിസ്സഹകരണവും ഒക്കെയായി ദിവസങ്ങൾ പോയത് അറിഞ്ഞതേയില്ല. എത്രയും പെട്ടെന്ന് ഗുരുവിനെ കാണാനുള്ള ആകാംക്ഷയായിരുന്നു എനിക്ക്. അങ്ങനെ ഒരു ശനിയാഴ്ച ദിവസം ഞാൻ മുംബൈയിൽ മടങ്ങിയെത്തി.

ഞായറാഴ്ച ഉച്ചക്ക് പണ്ട് പോകാറുള്ള സമയത്ത് ഞാൻ ഗുരുവിനെ കാണാൻ വേണ്ടി അദ്ദേഹത്തിന്റെ വീട്ടിലെത്തി. പതിവില്ലാതെ വാതിൽ പുറത്തു നിന്നും പൂട്ടിയിട്ടിരിക്കുകയായിരുന്നു. അദ്ദേഹം പുറത്തെങ്ങാനും പോയിക്കാണുമോ എന്ന് ഞാൻ സംശയിച്ചു.കുറച്ച് നേരം അവിടെ നിന്ന ശേഷം തിരിച്ചു നടക്കാനൊരുങ്ങുമ്പോഴാണ് അടുത്ത വീട്ടിൽ നിന്ന ഒരാൾ പറഞ്ഞത്.

“അയാൾ മരി‌‌ച്ചു പോയി. ഒരു മാസമായി.” ഇടിവെട്ടേറ്റപോലെ ഞാൻ തരിച്ചു നിന്നു പോയി.

“ഹജിയാലി ദർഗ്ഗയുടെ വളപ്പിൽ ആയിരുന്നു കബറടക്കം.” അയാൾ തുടർന്നു. “ഹൃദയാഘാതം വന്ന് മരിച്ചതാണത്രെ” പിന്നീടയാൾ പറഞ്ഞതൊന്നും ഞാൻ കേട്ടതേയില്ല.

വൈകുന്നതുവരെ കടൽത്തീരത്തെ ആളൊഴിഞ്ഞ ഒരിടത്തിരുന്നിട്ട് രാത്രി വൈകിയപ്പോഴാണ് ഞാൻ വീട്ടിൽ തിരിച്ചെത്തിയത്. എത്ര ശ്രമിച്ചിട്ടും ഉറക്കം എന്നെ അനുഗ്രഹിച്ചില്ല. മേശപ്പുറത്ത് എന്തൊക്കെയോ കത്തുകൾ കിടപ്പുണ്ടായിരുന്നു. ക്രെഡിറ്റ് കാർഡ് ബില്ലുകൾ, സാലറി സ്ലിപ് മുതലായവ. അതിലൊരെണ്ണം പെട്ടെന്ന് എന്റെ ശ്രദ്ധയിൽ പെട്ടു. പ്രേക്ഷിതാവിന്റെ പേര് ഇല്ലാതിരുന്ന ആ കവർ ഞാൻ തുറന്നു. ഉള്ളിൽ പരിചയമുള്ള ഒരു കൈപ്പട.

“പ്രിയപ്പെട്ട ഹരി, നീ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. എന്റെ സമ്പാദ്യം എനിക്ക് നഷ്ടപ്പെട്ടു. എന്റെ ജീവിതം തന്നെ വെറുതെയായി. എന്റെ കണ്മുൻപിൽ മറ്റൊരാൾ എന്റെ സംഗീതം കൊണ്ട് പ്രശസ്തനായി. - നസീം ഖാൻ.”

എന്റെ കൈയ്യിൽ ഇരുന്ന് ആ കടലാസ് കഷണം വിറച്ചു. എന്താണ് ശരിക്കും സംഭവിച്ചത്? എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല. എന്റെ മനസ്സിന്റെ സ്വസ്ധത നഷ്ടപ്പെട്ടു. അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.

അങ്ങനെ വല്ല വിധേനയും ഞാൻ നേരം വെളുപ്പിച്ചു. ഇന്നു ഓഫീസിൽ പോകണം. വാർത്ത കേൾക്കാനായി ഞാൻ ടി. വി. ഓൺ ചെയ്തു. അന്നത്തെ പ്രധാന വാർത്തകൾ അറിയാൻ ചാനലുകൾ മാറ്റുന്നതിനിടയ്ക്ക് ഇത് ഞാൻ കേട്ടു. “അങ്ങനെ ഈയാഴ്ചത്തെ നമ്പർ വൺ ഗാനം...” പിന്നെ കേട്ട പാട്ട് ഞാൻ ഉടനടി തിരിച്ചറിഞ്ഞു. എന്റെ ഗുരുവിന്റെ സൃഷ്ടി. “ഈ ആൽബത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകൾ ആണ്.” അവതാരക ഇതു പറയുമ്പോൾ ഞാൻ അതിന്റെ സംഗീതജ്ഞന്റെ പേര് തെരയുകയായിരുന്നു. അത് വായിച്ച് ഞാൻ ഞെട്ടിപ്പോയി. “അർജ്ജുൻ മാൽടിക്കർ!!”

കാര്യങ്ങൾ ഓരോന്നായി എന്റെ മനസ്സിൽ തെളിഞ്ഞു. അർജ്ജുനും ഞാനും ഒന്നിച്ച് ഗുരുവിനെ കാണാൻ പോയതും അർജ്ജുൻ ഗുരുവിന്റെ സംഗീതം കേട്ടതും എല്ലാം. ബാക്കി ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. ഞാൻ അമേരിക്കയിൽ പോയപ്പോൾ ഞാൻ ചോദിച്ചിട്ടാണെന്ന് പറഞ്ഞ് അർജ്ജുൻ ഗുരുവിന്റെ കൈയ്യിൽ നിന്ന് അത് കൈക്കലാക്കിയിരിക്കാം. എന്നിട്ട് ഏതെങ്കിലും സംഗീത കമ്പനിയെ സമീപിച്ച് അത് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചിരിക്കാം. എന്റെ ദൈവമേ! ഈ ലോകം കീഴ്മേൽ മറിയുന്നത് പോലെ എനിക്ക് തോന്നി. ഞാൻ കാരണം ആണ് അങ്ങനെ സംഭവിച്ചതെന്ന് ഗുരു തെറ്റിദ്ധരിച്ചിരിക്കാം. അങ്ങനെ നോക്കിയാൽ അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദി ഞാനാണ്. എനിക്ക് കണ്ണ്കളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.

അർജ്ജുനുമായി ബന്ധപ്പെടാൻ ഞാൻ പല തവണ ശൃമിച്ചു. പക്ഷെ അയാൾ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയിരുന്നു. അടുത്ത ഞായറാഴ്ച ഞാൻ ഗുരുവിന്റെ കബറിൽ പോകാൻ തീരുമാനിച്ചു. അന്നും ഞാൻ ഈ ഇരുമ്പ് ബെഞ്ചിന്റെ അടുത്തെത്തി. പക്ഷെ മുൻപോട്ട് കാലുകൾക്ക് ശക്തി നഷ്ടപ്പെടുന്നത് പോലെ. മുൻപിലുള്ള നടപ്പാത താണ്ടി ഹജിയാലിയിലെ കബറിൽ എത്താൻ എന്നെ എന്തോ തടയുന്നത് പോലെ.

അത് കഴിഞ്ഞ് രണ്ട് വർഷമായി. അതേ അവസ്ഥ ഇന്നും തുടരുന്നു. അകലെ മരക്കൂട്ടങ്ങൾക്കിടയിലൂടെ ഹജിയാലി ദർഗ്ഗ ഇന്നും പഴയതുപോലെ.

(അവസാനിച്ചു)

Monday, September 26, 2005

ഹജിയാലിയിലെ സായാഹ്നം - ഭാഗം 3

ആഴ്ചകൾ പിന്നിട്ടു. സംഗീതമാകുന്ന സാഗരത്തിന്റെ തീരത്ത് ഞാൻ അദ്ദേഹത്തിന്റെ കൈ പിടിച്ച് പിച്ച വച്ച് നടക്കാൻ ആരംഭിച്ചു. ഒരിക്കൽ അദ്ദേഹം എന്നെ അരികിൽ വിളിച്ചു. അദ്ദേഹത്തിന്റെ കൈയ്യിൽ ഒരു പിടി പഴഞ്ചൻ കടലാസ് കഷണങ്ങൾ ഉണ്ടായിരുന്നു.

“ഇത് എന്താണെന്നറിയാമോ?”

“ഇല്ല” ഞാൻ മറുപടി പറഞ്ഞു.

“എന്റെ ഇത്രയും കാലത്തെ ജീവിതത്തിന്റെ സമ്പാദ്യം. ഞാൻ ചിട്ടപ്പെടുത്തിയ ഈണങ്ങൾ” ഇത് പറഞ്ഞ്കൊണ്ട് അദ്ദേഹം ആ കടലാസ് കൂട്ടത്തിൽ നിന്നും ഒരെണ്ണം പുറത്തെടുത്തു. അതുമായി തന്റെ സിത്താറിന്റെ അടുത്തെത്തി. എന്നിട്ട് അതിൽ ആ ഈണം വായിക്കാനാരംഭിച്ചു.

ആ ആലാപനം കേട്ട് ഞാൻ കോരിത്തരിച്ച് പോയി. സംഗീതത്തിന് ഇത്രമാത്രം മായിക ശക്തി ഉണ്ടെന്ന് മനസ്സിലായത് അന്നായിരുന്നു. ഒരു കഥ പോലെ അത് തുടങ്ങി. നവരസങ്ങൾ എന്ന പോലെ ഒട്ടനവധി അവസ്ഥാന്തരങ്ങളിലൂടെ അത് കടന്ന് പോയി. സംഗീതത്തിന്റെ ഭാവങ്ങൾ, രസങ്ങൾ അവിശ്വസനീയമായ രീതിയിൽ സമന്വയിപ്പിച്ച ആ അതുല്യ പ്രകടനം അവസാനിച്ചത് പോലും ഞാൻ അറിഞ്ഞില്ല.

“താങ്കൾ എന്തേ ഇത് പ്രസിദ്ധീകരിച്ചില്ലാ? ” എന്റെ സംശയം ന്യായമായിട്ടുള്ളതായിരുന്നു.

“ഞാൻ പല സംഗീത സംവിധായകരുടേയും അടുത്ത് പോയി. പക്ഷെ ആരും ഇതിനെ അംഗീകരിച്ചില്ല. എല്ലാവർക്കും വേണ്ടത് റോക്കും റാപ്പും ഒക്കെ ആയിരുന്നു. ശുദ്ധമായ സംഗീതം ആർക്കും വേണ്ട. ജനങ്ങൾക്കും അങ്ങനെ തന്നെ. അവർ ഒരു പേര് പറയുന്നുണ്ടായിരുന്നു. ഡാൻസ് നമ്പരുകൾ!” അത് കേട്ട് ഞാൻ നിശ്ശബ്ദനായിപ്പോയി.

അർജ്ജുൻ മാൽഡിക്കർ! മുംമ്പൈയിൽ എത്തിയതിന് ശേഷം ഞാൻ പരിചയപ്പെട്ട ചുരുക്കം ചില വ്യക്തികളിൽ ഒരാൾ. ബോളീവുഡിന്റെ സ്പന്ദനം എന്ന് സ്വയം പറഞ്ഞ് നടക്കുന്ന, എന്നാൽ സ്പന്ദനം പോയിട്ട് പുലബന്ധം പോലും ഇല്ലാത്ത, ബോളീവുഡിൽ പ്രശസ്ഥനാകും എന്ന സ്വപ്നവുമായി നടക്കുന്ന ഒരു സാധാരണ മനുഷ്യൻ. അർജ്ജുനിനോട് ഞാൻ എന്റെ ഗുരുവിനെക്കുറിച്ച് പറഞ്ഞത് ആയിടയ്ക്കായിരുന്നു. സംഗീതത്തോട് അല്പം ആഭിമുഖ്യം പുലർത്തിയിരുന്ന അർജ്ജുൻ എന്റെ ഗുരുവിനെക്കുറിച്ചുള്ള വർണ്ണന കേട്ടപ്പോൾ അദ്ദേഹത്തെ പരിചയപ്പെടാൻ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ഒരു ഞായറാഴ്ച ദിവസം ഞാൻ അർജ്ജുനേയും കൂട്ടി അദ്ദേഹത്തിന്റെ വീട്ടിൽ എത്തി. അദ്ദേഹത്തിന്റെ സംഗീതത്തിലെ വൈദഗ്ദ്ധ്യം കണ്ട് അർജ്ജുനും അമ്പരന്ന് പോയി. എന്റെ കൂട്ടുകാരന് വേണ്ടി അദ്ദേഹം താൻ ചിട്ടപ്പെടുത്തിയ ഒരു ഈണം ആലപിക്കുകയും ചെയ്തു. നിറഞ്ഞ മനസ്സോടെ അർജ്ജുനും ഞാനും അദ്ദേഹത്തോടു വിട പറഞ്ഞു.

എന്നെ വളരെയധികം സന്തോഷിപ്പിച്ച ആ വാർത്ത ഞാൻ കേട്ടത് ആശ്ചര്യത്തോടും അത്യധികം സന്തോഷത്തോടും ആയിരുന്നു. ഞാൻ ജോലി ചെയ്യുന്ന കമ്പനി എന്നെ മൂന്ന് മാസത്തേക്ക് അമേരിക്കക്ക് അയക്കാൻ പോകുന്നു. ഏതൊരു സോഫ്ട് വെയർ പ്രോഗ്രാമറുടേയും സ്വപ്നം. രണ്ട് ദിവസത്തിനകം പോകണമത്രെ. അന്ന് രാത്രി തന്നെ ഞാൻ കൂട്ടുകാരോടൊപ്പം ശരിക്കും ആഘോഷിച്ചു. എന്റെ കരിയറിലെ ഒരു വഴിത്തിരിവാകാവുന്ന സംഭവം.

വൈകിട്ട് 7:50 ന് ആയിരുന്നു ഫ്ലൈറ്റ്. കൂട്ടുകാരോട് യാത്ര പറഞ്ഞ് ഞാൻ പ്ലെയിനുള്ളിൽ കയറി. അത് പറക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ ഒരു കാര്യം ഓർത്തത്. ഗുരുവിനോട് ഞാൻ പോകുന്ന കാര്യം പറഞ്ഞില്ല. എവിടേക്ക് യാത്ര തിരിച്ചാലും എന്തെങ്കിലും മറക്കുക എന്റെ ശീലമായിരുന്നു. ഈ യാത്രയിൽ എന്താണാവോ മറന്നത് എന്ന് ഞാൻ ആലോചിച്ചിരിക്കുക ആയിരുന്നു. അതു ഇത്ര പ്രധാനപ്പെട്ട കാര്യം ആകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. അങ്ങനെ മുമ്പൈയോട് ഞാൻ തത്ക്കാ‍ലത്തേക്ക് വിട പരഞ്ഞു.

(തുടരും...)