Sunday, October 30, 2005

ഹജിയാലിയിലെ സായാഹ്നം - ഭാഗം 4

മൂന്ന് മാസം ഒന്നും ഒരു സമയമേ അല്ല എന്ന രീതിയിൽ എന്റെ അമേരിക്കൻ ജീവിതം അവസാനിച്ചു. ക്ലയന്റിന്റെ ഭാഗത്തുനിന്നുള്ള സമ്മർദ്ദവും മേലുദ്യോഗസ്ഥരുടെ ശകാരങ്ങളും കീഴിൽ ജോലി ചെയ്യുന്നവരുടെ നിസ്സഹകരണവും ഒക്കെയായി ദിവസങ്ങൾ പോയത് അറിഞ്ഞതേയില്ല. എത്രയും പെട്ടെന്ന് ഗുരുവിനെ കാണാനുള്ള ആകാംക്ഷയായിരുന്നു എനിക്ക്. അങ്ങനെ ഒരു ശനിയാഴ്ച ദിവസം ഞാൻ മുംബൈയിൽ മടങ്ങിയെത്തി.

ഞായറാഴ്ച ഉച്ചക്ക് പണ്ട് പോകാറുള്ള സമയത്ത് ഞാൻ ഗുരുവിനെ കാണാൻ വേണ്ടി അദ്ദേഹത്തിന്റെ വീട്ടിലെത്തി. പതിവില്ലാതെ വാതിൽ പുറത്തു നിന്നും പൂട്ടിയിട്ടിരിക്കുകയായിരുന്നു. അദ്ദേഹം പുറത്തെങ്ങാനും പോയിക്കാണുമോ എന്ന് ഞാൻ സംശയിച്ചു.കുറച്ച് നേരം അവിടെ നിന്ന ശേഷം തിരിച്ചു നടക്കാനൊരുങ്ങുമ്പോഴാണ് അടുത്ത വീട്ടിൽ നിന്ന ഒരാൾ പറഞ്ഞത്.

“അയാൾ മരി‌‌ച്ചു പോയി. ഒരു മാസമായി.” ഇടിവെട്ടേറ്റപോലെ ഞാൻ തരിച്ചു നിന്നു പോയി.

“ഹജിയാലി ദർഗ്ഗയുടെ വളപ്പിൽ ആയിരുന്നു കബറടക്കം.” അയാൾ തുടർന്നു. “ഹൃദയാഘാതം വന്ന് മരിച്ചതാണത്രെ” പിന്നീടയാൾ പറഞ്ഞതൊന്നും ഞാൻ കേട്ടതേയില്ല.

വൈകുന്നതുവരെ കടൽത്തീരത്തെ ആളൊഴിഞ്ഞ ഒരിടത്തിരുന്നിട്ട് രാത്രി വൈകിയപ്പോഴാണ് ഞാൻ വീട്ടിൽ തിരിച്ചെത്തിയത്. എത്ര ശ്രമിച്ചിട്ടും ഉറക്കം എന്നെ അനുഗ്രഹിച്ചില്ല. മേശപ്പുറത്ത് എന്തൊക്കെയോ കത്തുകൾ കിടപ്പുണ്ടായിരുന്നു. ക്രെഡിറ്റ് കാർഡ് ബില്ലുകൾ, സാലറി സ്ലിപ് മുതലായവ. അതിലൊരെണ്ണം പെട്ടെന്ന് എന്റെ ശ്രദ്ധയിൽ പെട്ടു. പ്രേക്ഷിതാവിന്റെ പേര് ഇല്ലാതിരുന്ന ആ കവർ ഞാൻ തുറന്നു. ഉള്ളിൽ പരിചയമുള്ള ഒരു കൈപ്പട.

“പ്രിയപ്പെട്ട ഹരി, നീ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. എന്റെ സമ്പാദ്യം എനിക്ക് നഷ്ടപ്പെട്ടു. എന്റെ ജീവിതം തന്നെ വെറുതെയായി. എന്റെ കണ്മുൻപിൽ മറ്റൊരാൾ എന്റെ സംഗീതം കൊണ്ട് പ്രശസ്തനായി. - നസീം ഖാൻ.”

എന്റെ കൈയ്യിൽ ഇരുന്ന് ആ കടലാസ് കഷണം വിറച്ചു. എന്താണ് ശരിക്കും സംഭവിച്ചത്? എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല. എന്റെ മനസ്സിന്റെ സ്വസ്ധത നഷ്ടപ്പെട്ടു. അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.

അങ്ങനെ വല്ല വിധേനയും ഞാൻ നേരം വെളുപ്പിച്ചു. ഇന്നു ഓഫീസിൽ പോകണം. വാർത്ത കേൾക്കാനായി ഞാൻ ടി. വി. ഓൺ ചെയ്തു. അന്നത്തെ പ്രധാന വാർത്തകൾ അറിയാൻ ചാനലുകൾ മാറ്റുന്നതിനിടയ്ക്ക് ഇത് ഞാൻ കേട്ടു. “അങ്ങനെ ഈയാഴ്ചത്തെ നമ്പർ വൺ ഗാനം...” പിന്നെ കേട്ട പാട്ട് ഞാൻ ഉടനടി തിരിച്ചറിഞ്ഞു. എന്റെ ഗുരുവിന്റെ സൃഷ്ടി. “ഈ ആൽബത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകൾ ആണ്.” അവതാരക ഇതു പറയുമ്പോൾ ഞാൻ അതിന്റെ സംഗീതജ്ഞന്റെ പേര് തെരയുകയായിരുന്നു. അത് വായിച്ച് ഞാൻ ഞെട്ടിപ്പോയി. “അർജ്ജുൻ മാൽടിക്കർ!!”

കാര്യങ്ങൾ ഓരോന്നായി എന്റെ മനസ്സിൽ തെളിഞ്ഞു. അർജ്ജുനും ഞാനും ഒന്നിച്ച് ഗുരുവിനെ കാണാൻ പോയതും അർജ്ജുൻ ഗുരുവിന്റെ സംഗീതം കേട്ടതും എല്ലാം. ബാക്കി ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. ഞാൻ അമേരിക്കയിൽ പോയപ്പോൾ ഞാൻ ചോദിച്ചിട്ടാണെന്ന് പറഞ്ഞ് അർജ്ജുൻ ഗുരുവിന്റെ കൈയ്യിൽ നിന്ന് അത് കൈക്കലാക്കിയിരിക്കാം. എന്നിട്ട് ഏതെങ്കിലും സംഗീത കമ്പനിയെ സമീപിച്ച് അത് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചിരിക്കാം. എന്റെ ദൈവമേ! ഈ ലോകം കീഴ്മേൽ മറിയുന്നത് പോലെ എനിക്ക് തോന്നി. ഞാൻ കാരണം ആണ് അങ്ങനെ സംഭവിച്ചതെന്ന് ഗുരു തെറ്റിദ്ധരിച്ചിരിക്കാം. അങ്ങനെ നോക്കിയാൽ അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദി ഞാനാണ്. എനിക്ക് കണ്ണ്കളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.

അർജ്ജുനുമായി ബന്ധപ്പെടാൻ ഞാൻ പല തവണ ശൃമിച്ചു. പക്ഷെ അയാൾ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയിരുന്നു. അടുത്ത ഞായറാഴ്ച ഞാൻ ഗുരുവിന്റെ കബറിൽ പോകാൻ തീരുമാനിച്ചു. അന്നും ഞാൻ ഈ ഇരുമ്പ് ബെഞ്ചിന്റെ അടുത്തെത്തി. പക്ഷെ മുൻപോട്ട് കാലുകൾക്ക് ശക്തി നഷ്ടപ്പെടുന്നത് പോലെ. മുൻപിലുള്ള നടപ്പാത താണ്ടി ഹജിയാലിയിലെ കബറിൽ എത്താൻ എന്നെ എന്തോ തടയുന്നത് പോലെ.

അത് കഴിഞ്ഞ് രണ്ട് വർഷമായി. അതേ അവസ്ഥ ഇന്നും തുടരുന്നു. അകലെ മരക്കൂട്ടങ്ങൾക്കിടയിലൂടെ ഹജിയാലി ദർഗ്ഗ ഇന്നും പഴയതുപോലെ.

(അവസാനിച്ചു)