Monday, September 26, 2005

ഹജിയാലിയിലെ സായാഹ്നം - ഭാഗം 3

ആഴ്ചകൾ പിന്നിട്ടു. സംഗീതമാകുന്ന സാഗരത്തിന്റെ തീരത്ത് ഞാൻ അദ്ദേഹത്തിന്റെ കൈ പിടിച്ച് പിച്ച വച്ച് നടക്കാൻ ആരംഭിച്ചു. ഒരിക്കൽ അദ്ദേഹം എന്നെ അരികിൽ വിളിച്ചു. അദ്ദേഹത്തിന്റെ കൈയ്യിൽ ഒരു പിടി പഴഞ്ചൻ കടലാസ് കഷണങ്ങൾ ഉണ്ടായിരുന്നു.

“ഇത് എന്താണെന്നറിയാമോ?”

“ഇല്ല” ഞാൻ മറുപടി പറഞ്ഞു.

“എന്റെ ഇത്രയും കാലത്തെ ജീവിതത്തിന്റെ സമ്പാദ്യം. ഞാൻ ചിട്ടപ്പെടുത്തിയ ഈണങ്ങൾ” ഇത് പറഞ്ഞ്കൊണ്ട് അദ്ദേഹം ആ കടലാസ് കൂട്ടത്തിൽ നിന്നും ഒരെണ്ണം പുറത്തെടുത്തു. അതുമായി തന്റെ സിത്താറിന്റെ അടുത്തെത്തി. എന്നിട്ട് അതിൽ ആ ഈണം വായിക്കാനാരംഭിച്ചു.

ആ ആലാപനം കേട്ട് ഞാൻ കോരിത്തരിച്ച് പോയി. സംഗീതത്തിന് ഇത്രമാത്രം മായിക ശക്തി ഉണ്ടെന്ന് മനസ്സിലായത് അന്നായിരുന്നു. ഒരു കഥ പോലെ അത് തുടങ്ങി. നവരസങ്ങൾ എന്ന പോലെ ഒട്ടനവധി അവസ്ഥാന്തരങ്ങളിലൂടെ അത് കടന്ന് പോയി. സംഗീതത്തിന്റെ ഭാവങ്ങൾ, രസങ്ങൾ അവിശ്വസനീയമായ രീതിയിൽ സമന്വയിപ്പിച്ച ആ അതുല്യ പ്രകടനം അവസാനിച്ചത് പോലും ഞാൻ അറിഞ്ഞില്ല.

“താങ്കൾ എന്തേ ഇത് പ്രസിദ്ധീകരിച്ചില്ലാ? ” എന്റെ സംശയം ന്യായമായിട്ടുള്ളതായിരുന്നു.

“ഞാൻ പല സംഗീത സംവിധായകരുടേയും അടുത്ത് പോയി. പക്ഷെ ആരും ഇതിനെ അംഗീകരിച്ചില്ല. എല്ലാവർക്കും വേണ്ടത് റോക്കും റാപ്പും ഒക്കെ ആയിരുന്നു. ശുദ്ധമായ സംഗീതം ആർക്കും വേണ്ട. ജനങ്ങൾക്കും അങ്ങനെ തന്നെ. അവർ ഒരു പേര് പറയുന്നുണ്ടായിരുന്നു. ഡാൻസ് നമ്പരുകൾ!” അത് കേട്ട് ഞാൻ നിശ്ശബ്ദനായിപ്പോയി.

അർജ്ജുൻ മാൽഡിക്കർ! മുംമ്പൈയിൽ എത്തിയതിന് ശേഷം ഞാൻ പരിചയപ്പെട്ട ചുരുക്കം ചില വ്യക്തികളിൽ ഒരാൾ. ബോളീവുഡിന്റെ സ്പന്ദനം എന്ന് സ്വയം പറഞ്ഞ് നടക്കുന്ന, എന്നാൽ സ്പന്ദനം പോയിട്ട് പുലബന്ധം പോലും ഇല്ലാത്ത, ബോളീവുഡിൽ പ്രശസ്ഥനാകും എന്ന സ്വപ്നവുമായി നടക്കുന്ന ഒരു സാധാരണ മനുഷ്യൻ. അർജ്ജുനിനോട് ഞാൻ എന്റെ ഗുരുവിനെക്കുറിച്ച് പറഞ്ഞത് ആയിടയ്ക്കായിരുന്നു. സംഗീതത്തോട് അല്പം ആഭിമുഖ്യം പുലർത്തിയിരുന്ന അർജ്ജുൻ എന്റെ ഗുരുവിനെക്കുറിച്ചുള്ള വർണ്ണന കേട്ടപ്പോൾ അദ്ദേഹത്തെ പരിചയപ്പെടാൻ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ഒരു ഞായറാഴ്ച ദിവസം ഞാൻ അർജ്ജുനേയും കൂട്ടി അദ്ദേഹത്തിന്റെ വീട്ടിൽ എത്തി. അദ്ദേഹത്തിന്റെ സംഗീതത്തിലെ വൈദഗ്ദ്ധ്യം കണ്ട് അർജ്ജുനും അമ്പരന്ന് പോയി. എന്റെ കൂട്ടുകാരന് വേണ്ടി അദ്ദേഹം താൻ ചിട്ടപ്പെടുത്തിയ ഒരു ഈണം ആലപിക്കുകയും ചെയ്തു. നിറഞ്ഞ മനസ്സോടെ അർജ്ജുനും ഞാനും അദ്ദേഹത്തോടു വിട പറഞ്ഞു.

എന്നെ വളരെയധികം സന്തോഷിപ്പിച്ച ആ വാർത്ത ഞാൻ കേട്ടത് ആശ്ചര്യത്തോടും അത്യധികം സന്തോഷത്തോടും ആയിരുന്നു. ഞാൻ ജോലി ചെയ്യുന്ന കമ്പനി എന്നെ മൂന്ന് മാസത്തേക്ക് അമേരിക്കക്ക് അയക്കാൻ പോകുന്നു. ഏതൊരു സോഫ്ട് വെയർ പ്രോഗ്രാമറുടേയും സ്വപ്നം. രണ്ട് ദിവസത്തിനകം പോകണമത്രെ. അന്ന് രാത്രി തന്നെ ഞാൻ കൂട്ടുകാരോടൊപ്പം ശരിക്കും ആഘോഷിച്ചു. എന്റെ കരിയറിലെ ഒരു വഴിത്തിരിവാകാവുന്ന സംഭവം.

വൈകിട്ട് 7:50 ന് ആയിരുന്നു ഫ്ലൈറ്റ്. കൂട്ടുകാരോട് യാത്ര പറഞ്ഞ് ഞാൻ പ്ലെയിനുള്ളിൽ കയറി. അത് പറക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ ഒരു കാര്യം ഓർത്തത്. ഗുരുവിനോട് ഞാൻ പോകുന്ന കാര്യം പറഞ്ഞില്ല. എവിടേക്ക് യാത്ര തിരിച്ചാലും എന്തെങ്കിലും മറക്കുക എന്റെ ശീലമായിരുന്നു. ഈ യാത്രയിൽ എന്താണാവോ മറന്നത് എന്ന് ഞാൻ ആലോചിച്ചിരിക്കുക ആയിരുന്നു. അതു ഇത്ര പ്രധാനപ്പെട്ട കാര്യം ആകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. അങ്ങനെ മുമ്പൈയോട് ഞാൻ തത്ക്കാ‍ലത്തേക്ക് വിട പരഞ്ഞു.

(തുടരും...)

Wednesday, September 07, 2005

ഹജിയാലിയിലെ സായാഹ്നം - ഭാഗം 2

കൂട്ടുകാരോട് തത്ക്കാലത്തേക്ക് വിട പറഞ്ഞ് ഞാൻ അദ്ദേഹത്തിന്റെ പുറകേ നടന്നു. അദ്ദേഹത്തിന്റെ ലക്ഷ്യം കുറച്ചകലേയുള്ള ചേരി ആയിരുന്നു. ഇന്ത്യയിലെ മറ്റ് നഗരങ്ങളിൽ നിന്നും മുംബൈയെ വേറിട്ട് നിർത്തുന്നത് അവിടത്തെ മാനം മുട്ടുന്ന കെട്ടിടങ്ങളെന്ന പോലെ അവിടത്തെ ചേരികളുമാണ്. അഴുക്ക് നിറഞ്ഞ ഓടകളും നിരനിരയായി ഇരിക്കുന്ന ഒറ്റമുറി കെട്ടിടങ്ങളും ചപ്പു ചവറുകൾ നിറഞ്ഞ പരിസരവും ഒക്കെ ആയി അസംഖ്യം ചേരികൾ മുംബൈ നഗരത്തിൽ അങ്ങിങ്ങായി ഉണ്ട്. അദ്ദേഹത്തിന്റെ പുറകേ ഞാനും ആ ചേരിയിലേക്ക് പ്രവേശിച്ചു. ഇടുങ്ങിയ വഴികളിലൂടെയുള്ള ആ യാത്ര അവസാനിച്ചത് ഒരു ഒറ്റമുറി കെട്ടിടത്തിന്റെ മുൻപിൽ ആയിരുന്നു.

വാതിൽ തുറക്കാനൊരുങ്ങിയ അദ്ദേഹം പെട്ടെന്ന് തിരിഞ്ഞ് നോക്കി.

“താങ്കളുടെ പാട്ട് വളരെ നന്നായിരുന്നു.” ഞാൻ പറഞ്ഞു.

“അകത്തേക്കു വരൂ”. വാതിൽ തുറന്നു കൊണ്ട് പ്രത്യേകിച്ചു യാതൊരു ഭാവഭേദവുമില്ലാതെ അദ്ദേഹം മറുപടി പറഞ്ഞു.

ഞാൻ അദ്ദേഹത്തിന്റെ പുറകേ ആ ഒറ്റമുറി വീടിന്റെ അകത്ത് പ്രവേശിച്ചു. അടുക്കും ചിട്ടയും ഉള്ള മുറി. മുറിയുടെ ഒരു ഭാഗത്ത് പഴയതെങ്കിലും എന്നും ഉപയോഗിക്കുന്നതുകൊണ്ടെന്നപോലെ മിഴിവുറ്റ ഏതാ‍നും സംഗീതോപകരണങ്ങൾ. ഹാർമോണിയം, തബല, സാരംഗി, വയലിൻ മുതലായവ. മുറിയുടെ ഒരു ഭാ‍ഗത്ത് രണ്ട് അടുപ്പും ഏതാനും പാത്രങ്ങളും. മറ്റൊരു ഭാഗത്ത് ഒരു കൊച്ച് അലമാരയും അതിൽ നിറയെ പഴഞ്ചൻ പുസ്തകങ്ങളും.

തോളിൽ തൂക്കിയിരുന്ന ഹാർമോണിയം അതിന്റെ സ്ഥിരം സ്ഥലം എന്ന് തോന്നിച്ച ഒരിടത്ത് വച്ച ശേഷം അദ്ദേഹം അടുത്ത് കണ്ട ഒരു കൂജയുടെ നേരെ നീങ്ങി. അതിൽ നിന്നും ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് എന്റെ നേരെ നീട്ടി. ആ കൈകൾ ചെറുതായിട്ട് വിറയ്ക്കുന്നുണ്ടായിരുന്നോ എന്നു എനിക്ക് സംശയം തോന്നി.

ഒരു കവിൾ വെള്ളം കുടിച്ച് കൊണ്ട് ഞാ‍ൻ പറഞ്ഞു. “അങ്ങയുടെ സംഗീതം കേട്ടിട്ട് എനിക്ക് ഹിന്ദുസ്ഥാനി പഠിക്കാൻ ആഗ്രഹം തോന്നുന്നു. എന്നെ അങ്ങയുടെ ശിഷ്യൻ ആക്കാമോ?”

അവിശ്വനീയമായ എന്തോ കേട്ടതു പോലെ അദ്ദേഹം പെട്ടെന്ന് നിശ്ചലനായി.

“അതിന് മാത്രം കഴിവ് എനിക്കുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?”

“അതെ.”

“എങ്കിൽ നാളെ മുതൽ പോന്നു കൊള്ളു. ഉച്ച വരെ ഞാൻ ഹജിയാലിയിൽ പോയി പാടാറുണ്ട്. അതുകൊണ്ട് ഉച്ചക്ക് ശേഷം ആയിക്കൊള്ളട്ടെ.”

“ഞാൻ ഇവിടെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ടു ശനിയും ഞായറും മാത്രം ക്ലാസ്സ് ആയാൽ കൊള്ളാമായിരുന്നു.” ഞാ‍ൻ പറഞ്ഞു.

“ശരി. അങ്ങനെ ആയിക്കൊള്ളട്ടെ.”

വളരെയധികം സന്തോഷത്തോടെ പോകാനൊരുങ്ങിയ ഞാൻ പെട്ടെന്ന് അദേഹത്തൊട് ചോദിച്ചു. “താങ്കളുടെ ഫീസ്?”

“ഞാൻ പകർന്ന് തരാൻ പോകുന്നത് സംഗീതമാണ്. സംഗീതത്തിന് തുല്യം സംഗീതം മാത്രം. അതു മാത്രമാണ് ഞാൻ പ്രതീക്ഷിക്കുന്ന ദക്ഷിണ.”

എന്തുകൊണ്ടോ ഉള്ളിൽ കുളിരു കോരിയിടുന്നതു പോലെയുള്ള ഈ വാക്കുകൾ കേട്ടിട്ട് എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നി.

അടുത്ത ശനിയാഴ്ച ആകനുള്ള അക്ഷമമായ കാത്തിരുപ്പായിരുന്നു പിന്നീട്. ശനിയാഴ്ച എത്തി. ഉച്ചക്ക് അദ്ദേഹം പറഞ്ഞ സമയത്ത് തന്നെ ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി. അദ്ദേഹത്തിനെതിരായിട്ട് അതേ പഴമ്പായിൽ ഞാൻ ഇരുന്നു. അദ്ദേഹം പാടി തുടങ്ങി. കല്യാണി രാഗത്തിലായിരുന്നു തുടക്കം. അകമ്പടിയാ‍യി ഒരു കൈയ്യിൽ ഹാർമോണിയവും. പിന്നീട് ഹംസധ്വനി, ശിവരഞ്ചിനി, മേഘമൽഹാർ, അങ്ങനെ പല പല രാഗങ്ങൾ ആ ഒറ്റമുറി വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ അലയടിച്ചു. അവ തീർത്ത ആ മായിക പ്രപഞ്ചത്തിൽ മതി മറന്ന് ഇരിക്കുമ്പോഴും തന്നെത്തന്നെ മറന്ന് പാടുന്ന അദ്ദേഹത്തിന്റെ മുഖം ഞാൻ കാണുന്നുണ്ടായിരുന്നു. ആ മുഖത്ത് കളിയാടിയത് ദൈവീക ഭാവമാണോ എന്ന് എനിക്ക് സംശയം തോന്നി.

“കുറെ നാളിന് ശേഷമാണ് ഞാൻ ഇത്രയും ഉള്ള് തുറന്ന് പാടുന്നത്.” അദ്ദേഹം പറഞ്ഞു.

അതായിരുന്നു തുടക്കം.

(തുടരും...)

Thursday, September 01, 2005

ഹജിയാലിയിലെ സായാഹ്നം - ഭാഗം 1



ഉച്ചത്തിൽ മുഴങ്ങിയ മണിനാദം ഓർമ്മകളുടെ നിലയില്ലാക്കയത്തിൽ മുങ്ങുകയായിരുന്ന എന്നെ അതിൽ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു. ആ ഗോപുരത്തിൽ അങ്ങിങ്ങായി ഇരുന്നിരുന്ന മാടപ്രാവുകൾ അത് കേട്ട് അകലേക്ക് പറന്നു. ഓരോ പ്രാവശ്യം മണി മുഴങ്ങുമ്പോഴും ഒച്ചയുണ്ടാകുമെന്നറിയാമായിരുന്നിട്ടും എന്തേ അവ വീണ്ടും വീണ്ടും ഈ ഗോപുരത്തിൽ തന്നെ പറന്നു വന്നിരിക്കുന്നു? അകലേക്കു പറന്ന ചിലവ പ്രാവുകൾക്ക് തീറ്റ കൊടുക്കാനായി പ്രത്യേകം പണിത തിട്ടയിലേക്ക് പറന്നിറങ്ങി. വിശ്വാസത്തിന്റെ പേരിലോ രസത്തിന്റെ പേരിലോ വലി‌ച്ചെറിയപ്പെടുന്ന ധാന്യമണികൾ കൊത്തിയെടുക്കാൻ തിരക്ക് കൂട്ടുന്ന കപോതങ്ങൾ സമകാലിക മാനവികതയുടെ പ്രതീകമായി തോന്നിച്ചു.

പ്രാവുകളും അവയെ പോറ്റാൻ വെമ്പൽ കൊള്ളുന്ന മനുഷ്യരും ചേർന്ന് തീർത്ത കോലാഹലം തൊട്ടുമാറിയുള്ള ഇരുമ്പ് ബഞ്ചിൽ ഇരിക്കുകയായിരുന്ന എന്നെ തെല്ലും അലോസരപ്പെടുത്തിയില്ല. മുംബാദേവിക്ഷേത്രം അന്നും തിരക്കുള്ളതായിരുന്നു. എന്റെ മനസ്സും. അകലെ മരങ്ങൾക്കിടയിലൂടെ ഹജിയാലി ദർഗ്ഗ, എന്നത്തേയും പോലെ.

മുംബാദേവിക്ഷേത്രം മുംമ്പൈയുടെ ഐശ്വര്യം ആണെങ്കിൽ ഹജിയാലി ദർഗ്ഗയും മുംമ്പൈയുടെ മനസ്സിൽ തതുല്യമായ ഒരു സ്ഥാനം വഹിക്കുന്നു. അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് വിശ്വാസികൾ അടിച്ചേൽ‌പ്പിച്ച പ്രമാണത്താൽ മുംബാദേവി നീറുമ്പോൾ ജാതിമതഭേദമെന്യേ മാനവികതയ്ക്ക് സ്വാഗതമരുളി ഹജിയാലി ദർഗ്ഗ ഒരു പടി മുന്നിൽ നിൽക്കുന്നു.

പക്ഷെ എന്തു കൊണ്ടോ ഒരു കാ‍ലത്ത് ഞാൻ സ്ഥിരമായി പോകാറുണ്ടായിരുന്ന ഹജിയാലി ദർഗ്ഗ ഇന്ന് എനിക്ക് അന്യമായത് പോലെ. ദർഗ്ഗ ലക്ഷ്യമാക്കിയുള്ള എന്റെ യാത്രകൾ മുംബാദേവിക്ഷേത്രത്തിന് മുൻപിലെ ഈ ഇരുമ്പ് ബഞ്ചിൽ അവസാനിക്കുന്നു. അതിനു ശേഷം നടക്കാൻ കാലുകൾക്ക് ശക്തി നഷ്ടപ്പെടുന്നതു പോലെ.

ആ സായാഹ്നം നിറമുറ്റതായിരുന്നു. മുംമ്പൈ നഗരത്തിൽ കാലു കുത്തിയ ശേഷം പ്രസിദ്ധമായ മുംബാദേവിക്ഷേത്രവും ഹജിയാലി ദർഗ്ഗയും കാണാൻ ഞങ്ങൾ, ഞാനും എന്റെ കൂട്ടുകാരും തെരഞ്ഞെടുത്ത സായഹ്നം. അന്നും ആദ്യം ഞങ്ങൾ പോയത് മുംബാദേവിക്ഷേത്രത്തിലായിരുന്നു. ക്ഷേത്രത്തിന് പിന്നിൽ നിന്നും അകലേക്ക് പാഞ്ഞ ദൃഷ്ടി നിലയുറപ്പിച്ചത് കടലിന് നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു പഴയ കെട്ടിടത്തിലായിരുന്നു. മഴക്കാലത്തും വേലിയേറ്റസമയത്തും കടലിനുള്ളിൽ മറയുന്ന നടപ്പാതയിലൂടെ ഞങ്ങൾ ഹജിയാലി ദർഗ്ഗയിൽ എത്തിച്ചേർന്നു.

ജനസാന്ദ്രമായ ദർഗ്ഗയും പരിസരവും. മനോവിഷമങ്ങളെ ഹൃദയത്തിൽ നിന്നും തള്ളിയകറ്റാനെന്നവണ്ണം നാലുപാട് നിന്നും വീശുന്ന കടൽക്കാറ്റ്. ഈ ജനത്തിരക്കിനിടക്ക് ഒരല്പം ഏകാന്തത മനസ്സ് ആഗ്രഹിച്ചുവോ? ആ കാറ്റ് മറ്റെന്തോ കൊണ്ട് വന്നുവോ? ഞാൻ കാതോർത്തു. അകലെ എങ്ങോ മുഴങ്ങുന്ന ഹിന്ദുസ്ഥാനി സംഗീതം. ചെവികളിലെ ആ സ്പന്ദനങ്ങൾ കാലുകൾക്ക് വഴികാട്ടിയായി. അവ ചെന്ന് നിന്നത് തെല്ലകലെയുള്ള ഒരു മണ്ഡപത്തിന് മുൻപിലായിരുന്നു.

കാതുകൾക്ക് ഇമ്പമാകാൻ സംഗീതമെങ്കിൽ സംഗീതത്തിന് അരങ്ങൊരുക്കുന്ന ഹിന്ദുസ്ഥാനി. ആ സംഗീതം എന്നെ ആ വ്യക്തിയിലേക്ക് ആകർഷിച്ചു. ശുദ്ധമായ ഹിന്ദുസ്ഥാനി സംഗീതത്തിൽ കുതിർന്ന വാക്ധരണികളിൽ ലയിച്ച് നിന്നിരുന്ന ആ ആൾക്കൂട്ടത്തിൽ ഞാനുമൊരു ഭാഗമായി. മുമ്പെങ്ങോ വായിച്ചത് ഞാനോർത്തു. “കർണ്ണാടക സംഗീതം സാഗരമാണെങ്കിൽ ഹിന്ദുസ്ഥാനി സംഗീതം ആകാശമാണ്”.

ആളുകൾ അയാൾക്ക് അക്കം കുറഞ്ഞ നോട്ടുകൾ നൽകുന്നുണ്ടായിരുന്നു. എന്നാൽ അതിലൊന്നും ശ്രദ്ധിക്കാതെ കണ്ണുമടച്ച് സ്വയം മറന്ന് പാടുന്ന അദ്ദേഹത്തോട് എനിക്ക് ബഹുമാ‍നം തോന്നി. ആൾക്കൂട്ടത്തിലൊരാളായി അവിടെ നിന്ന അര മണിക്കൂർ നേരം അവസാനിച്ചത് അയാൾ പാട്ട് നിർത്തി പോകാനൊരുങ്ങിയപ്പോഴായിരുന്നു. കൂട്ടുകാരോട് തത്ക്കാലത്തേക്ക് വിട പറഞ്ഞ് ഞാ‍ൻ അയാളുടെ പുറകേ നടന്നു.

(തുടരും...)

കാലൊച്ചകളുടെ പിന്നിൽ



കൊഴിഞ്ഞു വീഴുന്ന ഇലകളുടെ നേർത്ത ശബ്ദത്തിൽ നിന്നും ആ പാദസ്പന്ദനം വേർതിരിച്ചെടുക്കാൻ ഞാൻ പാടുപെട്ടു.
ആരായിരിക്കുമത്?
നിലാവിന്റെ ആലിംഗനത്തിന് വെമ്പൽ കൊള്ളൂന്ന മരക്കൂട്ടങ്ങളുടെ ഇടയിലേക്ക്, ഞാനും ഈ മരമുത്തച്ഛന്മാരും തീർത്ത ഏകാന്തതയുടെ നടുവിലേക്ക്, അരോചകത്വത്തിന്റെ സ്ഫുരണങ്ങളുമായി കടന്ന് വരാൻ തുടങ്ങുന്നത് എന്തിനായിരിക്കും?

ഞാൻ ജയനൻ.
ജാതക വശാൽ ജയിക്കാനായി ജനിച്ചവൻ.
ജീവിത വശാൽ പരാജയങ്ങളുടെ സഹയാത്രികൻ.
നഗര മധ്യത്തിലെ ഈ കാടിന്റെ വർഷങ്ങളുടെ കൂട്ടുകാരൻ.
പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത പകലുകളുടെ അന്ത്യത്തിൽ ആ ദിവസത്തെ അനുഭവങ്ങളുടെ കൂട്ടിക്കുറക്കലുകൾ നടത്താൻ ഇടതൂർന്ന ഈ മരക്കൂട്ടങ്ങളുടെ ഇടയിൽ അഭയം തേടുന്നവൻ.

കാലൊച്ചകൾ...
അവയെന്നും ഭീതിദമായ ഓർമ്മകളാണ് നൽകിയിരുന്നത്.
ബാല്യകാലത്ത് അന്തിക്കള്ളും മോന്തി ഭയത്തിന്റെ പ്രതിരൂപമായി അച്ഛൻ നടന്നടുക്കുമ്പോൾ...
വിശപ്പ് നിലനിൽ‌പ്പിനെ കാർന്നു തിന്നാനൊരുമ്പെടുമ്പോൾ അടുത്തിരിക്കുന്ന കുട്ടിയുടെ ആഹാരപ്പാത്രം തുറന്നപ്പോഴും ഇതേ കാലൊച്ചകൾ.
സാഹചര്യങ്ങളാൽ മുദ്ര കുത്തപ്പെട്ട് ഒടുവിൽ സ്കൂളിൽ നടന്ന ഏതൊ മോഷണത്തിന് ചെയ്യാത്ത കുറ്റം ചുമത്തി പുറത്താക്കിയപ്പോഴും അവയുണ്ടായിരുന്നു.

കാലൊച്ചകളെ പേടിച്ചു തുടങ്ങിയ പ്രയാണം.
ജന്മനാടും അമ്മയേയും ഒറ്റ സഹോദരിയേയും ഉപേക്ഷിച്ച് തുടങ്ങിയ യാത്ര.
അതു ഇന്നും തുടരുന്നു.

ഈ മരങ്ങൾക്കു കാലുകളില്ലാത്തതു എത്ര ഭാഗ്യം.
കാലൊച്ചകൾ.
അസ്ഥിപഞ്ചരമായ മാനവികതയുടെ പിന്നാലെ അവ ഇവിടെയും എത്തിയോ?
ഇല്ല.
ഇവിടെ നിന്നും എന്നെ ഓടിക്കുവാൻ അവയ്ക്കാവില്ല.
ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ എനിക്കു കിട്ടിയ ഏക ആ‍ശ്രയമാണ് ഈ കൊച്ച് കാട്.
ഇവിടെയും അവ എത്തിയോ?
അതെ അവ അടുക്കുന്നു.

കാലോച്ചകളുടെ ഉറവിടം അയാളുടെ മുമ്പിലെത്തി.
“അതാ അവൻ തന്നെ!”

അതു ആക്രോശിച്ച മനുഷ്യന്റെ മുഖം ഞാൻ കണ്ടു.
അതു ഞാൻ തന്നെ ആയിരുന്നുവോ?
ദൈവമേ! അവരെല്ലാവരും എന്നെപ്പോലെയോ?
കണ്ണുകളിൽ ഇരുട്ടു കയറുന്നു.

ബന്ധനസ്ഥനായ അയാളെ അവിടെ നിന്നും വലിച്ചിഴച്ച് കൊണ്ടുപോയി. അയാളുടെ കീശയിൽ നിന്നും വീണ കടലാസു കഷണം നേർത്ത ഒരു കാറ്റിൽ പുറം മറിഞ്ഞു. ആ സന്ധ്യയിലും അതിലെ ലിഖിതം വ്യക്തമായിരുന്നു.

“ആഗോളവത്ക്കരണം - ചൂഷണത്തിന്റെ പുതിയ മുഖം”