Tuesday, September 04, 2007

മഴത്തുള്ളികള്‍ കണ്ട ഭൂമി

ഇളം വെയിലിന്‍ ചൂടേറ്റ് ചില ഫ്ലാറ്റുകള്‍ നില്‍ക്കവേ
അകലത്തെ കാറ്റൊരു പെരു മഴ കൊണ്ടുവന്നു
സൂര്യതാപത്തില്‍ തപിച്ച സൌധങ്ങള്‍ക്കായി
പെരുമഴ മാനത്ത് കരിങ്കുട തീര്‍ത്തു

ഇലകളില്‍ തട്ടി ഭൂമിയെ പുണരുവാന്‍
ആശിച്ച പെരുമഴത്തുള്ളികള്‍ പക്ഷെ
വന്നു പതിച്ചു ചുടു കോണ്‍ക്രീറ്റ് ചുവരില്‍
പിന്നെയവ യാത്രയായ് ഓടകള്‍ തേടി

ഭൂമിലേക്കുള്ള യാത്രക്ക് മുന്‍പേ
കടലമ്മ ന‍ല്‍കിയ ഊഴിയുടെ വിവരണം
തെറ്റെന്ന് പെരുമഴത്തുള്ളികള്‍ അറിയവെ
മാറിയൊരു ഫ്ലാറ്റിന്‍ തറക്കല്ല് വീണു

Sunday, May 27, 2007

കഥ പറയുന്ന കായലോളങ്ങള്‍

അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കേരള മുഖ്യമന്ത്രി ശ്രീ അച്ചുതാന‍ന്ദന്‍ നടത്തിക്കൊണ്ടിരിക്കുന്ന നടപടിക്രമങ്ങളെ പ്രശംസിച്ചു കൊണ്ട്...
അനധികൃത കയ്യേറ്റം കാരണം കാലയവനികക്കുള്ളില്‍ മറയാന്‍ പോകുന്ന ഒരു കായലിന് വേണ്ടി...

* * * * *

ഹരിതാഭയാര്‍ന്ന കുന്നുകളാല്‍ ചുറ്റപ്പെട്ട, പ്രകൃതിരമണീയവും തെളിനീര്‍ നിറഞ്ഞതുമായ ഈ തടാകത്തില്‍ ദേശാടനക്കിളികള്‍ നിത്യസന്ദര്‍ശകരായിരുന്നു. അടുത്ത കൊല്ലം കാണാം എന്നും പറഞ്ഞ് പറന്ന് പോയ അവ പിന്നെ മടങ്ങിവന്നില്ല. ഈ കായലിനേയും പരിസ്ഥിതിയേയും ബാധിച്ച അസ്ഥിരതയുടെ സൂചനയായിരുന്നോ അത്? വെള്ളായണിക്കായല്‍! കേരളത്തിലെ മൂന്ന് ശുദ്ധജല തടാകങ്ങളില്‍ ഒന്ന്. കാലത്തിന്റെ പ്രയാണത്തില്‍ മനുഷ്യന്റെ കടന്നു കയ്യറ്റത്തിനും ചൂഷണത്തിനും ഇരയാകേണ്ടി വന്ന പ്രകൃതിയുടെ പൊന്നോമനപ്പുത്രി.

തിരുവനന്തപുരം ജില്ലയുടെ തെക്ക് ഭാഗത്ത് കല്ലിയൂര്‍, വെങ്ങാനൂര്‍, തിരുവല്ലം, നേമം എന്നീ പഞ്ചായത്തുകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന വെള്ളായണിക്കായല്‍, അതിന്റെ ശുദ്ധജല സമൃദ്ധി കൊണ്ടും പ്രകൃതിരമണീയത കൊണ്ടും പ്രസിദ്ധമായിരുന്നു. തിരുവിതാംകൂര്‍ രാജഭരണക്കാലത്ത് മഹാരാജാവ് ഒരു രാജസൌധം പണികഴിപ്പിക്കാന്‍ തെരഞ്ഞെടുത്തത് ഈ കായലിന്റെ തീരമായിരുന്നു എന്നത് ഇതിന്റെ മനോഹാരിതയ്ക്ക് തെളിവാണ്. ഗതകാലസ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് ഒരു സ്മൃതിമണ്ഡപം പോലെ തലയുയര്‍ത്തി നില്‍ക്കുന്ന കോയിക്കല്‍ കൊട്ടാരമാണ് ഇന്ന് നാം കാണുന്ന വെള്ളായണി കാര്‍ഷിക കോളേജ്.

വെള്ളായണി കായലിന്റെ പിറവിക്കു പിന്നില്‍ പുരാണങ്ങളുടെ ദിവ്യസ്പര്‍ശമുണ്ട്. ശ്രീകൃഷ്ണനില്‍ നിന്നും ‘ഭൂമിയൂടെ അന്ത്യം വരെയും ജീവിക്കുക’ എന്ന ശാപം കിട്ടിയ അശ്വത്ഥാമാവ് ഈ ലോകത്തിലെ കഠിനയാഥാര്‍ത്ഥ്യങ്ങളുടെ നടുവിലൂടെയുള്ള യാത്രാമധ്യേ ഇവിടത്തെ ഒരു കര്‍ഷകനോട് ശുദ്ധജലം ആവശ്യപ്പെട്ടുവെന്നും അപ്പോള്‍ ഗംഗാ ജലത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച അയാളോട് ‘നിന്റെ ഗംഗ ഇവിടെത്തന്നെയുണ്ട്’ എന്ന് പറഞ്ഞു കൊണ്ട് ഒരു നെല്‍ക്കൊടി വലിച്ചൂരിയപ്പോള്‍ അവിടെ ഗംഗാജല പ്രവാഹം ഉണ്ടായി എന്നും അതാണ് വെള്ളായണിക്കായലായി പരിണമിച്ചതെന്നുമാണ് ഐതീഹ്യം. എന്നാല്‍ 1990കളില്‍ നായര്‍ കമ്മിറ്റിയുടെ പഠന റിപ്പോര്‍ട്ടില്‍ കരമന ആറിന്റെ പാര്‍ശ്വഭാഗത്തെ താഴ്ന്ന പ്രദേശങ്ങളില്‍ ഒഴുകിയെത്തിയ ജലം തിരിച്ചുപോകാനാകാതെ ഒരു ജലാശയമായി രൂപം പ്രാപിച്ചതാണ് വെള്ളായണിക്കായല്‍ എന്നു പറയുന്നു. ‘ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ’ യുടെ അനുമാനം ചുറ്റുമുള്ള ചെറുകുന്നുകളില്‍ നിന്നും ഉത്ഭവിക്കുന്ന ഉറവകളില്‍ നിന്നുമാണ് വെള്ളായണിക്കായല്‍ രൂപം കൊണ്ടത് എന്നാണ്. എന്തുതന്നെയായാലും സമീപഗ്രാമങ്ങളിലെ എതൊരു സാധാരണക്കാരന്റെയും ഗംഗ തന്നെയാണ് വെള്ളായണി കായല്‍.

‘പള്ളിച്ചല്‍ തോട്’ എന്ന ചെറു നദിയും ‘64 കാല്പോക്കുകള്‍’ എന്നറിയപ്പെടുന്ന ചെറു തോടുകളും ചുറ്റുമുള്ള കുന്നിന്‍ ചെരുവുകളിലെ നീരുറവകളില്‍ നിന്നെത്തുന്ന തെളിനീരും പോഷിപ്പിക്കുന്ന വെള്ളായണിക്കായല്‍, കല്ലിയൂര്‍ പഞ്ചായത്തിലെ 6 വാ‍ര്‍ഡുകളിലായി വ്യാപിച്ചു കിടക്കുന്നു. സര്‍ സി. പി. യുടെ ഭരണകാലത്ത് വെള്ളായണിക്കായലിനെയും വിഴിഞ്ഞം കടലിനെയും ഒരു ജലപാതവഴി ബന്ധിപ്പിച്ച് കായലിനെ ഒരു കപ്പല്‍ സങ്കേതമാക്കി മാറ്റാനുള്ള ആലോചനയുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ കടലില്‍ നിന്നുള്ള ഉപ്പുവെള്ളം ഈ കായലിന്റെ ശുദ്ധജലസമ്പത്തിനെയും പരിസ്ഥിയെയും പണ്ടേ നശിപ്പിക്കുമായിരുന്നു. തിരുക്കൊച്ചി സംസ്ഥാന രൂപീകരണത്തോടെ വെള്ളായണിക്കായലിന്റെ ഭാഗ്യമെന്നോണം ഈ ആശയം അസ്ഥമിച്ചു.

അമ്പതുകളുടെ തുടക്കത്തിലെ ‘grow more food program' ന്റെ ഭാഗമായി കായല്‍ നിലം സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കിക്കൊണ്ട് വെള്ളായണിക്കായലിന്റെ പല ഭാഗങ്ങളിലും നെല്‍കൃഷി ആരംഭിച്ചു. ഇതിനെ തുടര്‍ന്ന് 1957ല്‍ കൃഷി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഒരു പാടശേഖരസമിതി രൂപവല്‍ക്കരിക്കുകയും ചെയ്തു. ഡിസംബര്‍ മുതല്‍ മെയ് വരെ നീളുന്ന പുഞ്ചക്കൃഷിക്കായി കായലിനെ ബണ്ട് കെട്ടി തിരിക്കുകയും വെള്ളം പമ്പ് ചെയ്ത് ബണ്ടിനപ്പുറത്താക്കി ഇങ്ങേ വശത്ത് കൃഷി ചെയ്യുകയുമാണ് ചെയ്തിരൂന്നത്. അങ്ങനെ ഒരുപ്പൂ കൃഷിക്കാലത്ത് പാടശേഖരമായി വര്‍ത്തിച്ച് ജനങ്ങളെ ഊട്ടിയ വെള്ളായണിക്കായല്‍, അടുത്ത 6 മാസം മത്സ്യസമ്പത്ത് കൊണ്ടും ജലസമൃദ്ധികൊണ്ടും നാട്ടുകാരുടെ അന്നദാതാവായി വര്‍ത്തിച്ചു. കൂടാതെ സഹകരണത്തിലധിഷ്ഠിതമായ ഒരു പുതിയ കാര്‍ഷിക സംസ്കാരത്തിന് രൂപം നല്‍കുന്നതിനും അങ്ങനെ വെള്ളായണിക്കായല്‍ ഒരു മാധ്യമമായി.

1953ല്‍ വെള്ളായണി കാര്‍ഷിക കോളേജ് സ്ഥാപീകൃതമായതിന് ശേഷം കോളേജിന്റെ നേതൃത്വത്തിലായിരുന്നു കൃഷി ജോലികള്‍ നടന്നു വന്നിരുന്നത്. ഹരിത വിപ്ലവത്തിന്റെ ഭാഗമായി ആവിര്‍ഭവിച്ച ശാസ്ത്രീയ കൃഷി രീതികള്‍ മണ്ണിലും പരിസ്ഥിതിയിലും അവ ഏല്‍പ്പിച്ചേക്കാവുന്ന പ്രത്യാഖാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ രാസകീടനാശിനികളുടെയും വളങ്ങളുടെയും ഉപയോഗം നിഷ്കര്‍ഷിച്ചപ്പോള്‍, ഒരു ശുദ്ധജലതടാകമായ വെള്ളായണിക്കായലിലെ കൃഷിയിടങ്ങളിലുള്ള അവയുടെ ഉപയോഗം കായലിന്റെ പാരിസ്ഥിക പ്രശ്നങ്ങള്‍ക്ക് കാരണമായി. വെള്ളായണിക്കായലിന്റെ ശനിദിശ അവിടെ തുടങ്ങുകയായിരുന്നു. കാലം തെറ്റി മുന്‍പേ എത്തുന്ന ഇടവപ്പാതി നൂറ് മേനി വിളഞ്ഞു നില്‍ക്കുന്ന നെല്‍പ്പാടങ്ങളെ വെള്ളത്തില്‍ മുക്കിയപ്പോള്‍ പൂഞ്ചക്കൃഷി നഷ്ടമായി പരിണമിച്ചു. വേനല്‍ക്കാലത്തെ വെള്ളം വറ്റിക്കല്‍ സമീപഗ്രാമങ്ങളെ വരള്‍ച്ചയിലേക്കു നയിച്ചു. ഭൂഗര്‍ഭ ജലവിതാനം താഴ്ന്നു പോയതായി ശാസ്ത്രീയ പഠനങ്ങള്‍ വെള്ളിപ്പെടുത്തി. ശുദ്ധജലം ലോറികളില്‍ കയറ്റി ഗ്രാമങ്ങളിലെത്തിക്കേണ്ട ഗതികേടും അക്കാലത്ത് സംഭവിച്ചു. ഇതിനെല്ലാം പുറമേ മറ്റു ചില പാരിസ്ഥിക പ്രശ്നങ്ങളും വെള്ളായണിക്കായലിനെ വേട്ടയാടി.


കയ്യേറിയ സ്ഥലത്ത് തെങ്ങ് നട്ടിരിക്കുന്നു.


വര്‍ദ്ധിച്ച കീടനാശിനി പ്രയോഗം കായലിലെ ജീവജാലങ്ങളെയും ബാധിച്ചു. ഒരു കാലത്ത് കായലില്‍ സുലഭമായിരുന്ന കരിമീന്‍, വരാല്‍, കൊഞ്ച് എന്നിവ അപ്രത്യക്ഷമായിത്തുടങ്ങി. ഇതിനുദാഹരണമായി കാട്ടാവുന്നത് ചെറിയ വരാല്‍ (Channa Striatus) എന്ന മത്സ്യത്തിന്റെ എണ്ണത്തില്‍ വന്ന ഭീമമായ കുറവാണ്. മത്സ്യങ്ങളുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ നാശം കൊതുക്, ഈച്ച മുതലായ സാംക്രമിക രോഗവാഹകരായ പ്രാ‍ണികളുടെയും മറ്റ് കീടങ്ങളുടെയും വര്‍ദ്ധനവിന് കാരണമായി. കേരളത്തില്‍, ഒരു പക്ഷെ ലോകത്തില്‍ തന്നെ, വിരളമാ‍യിക്കൊണ്ടിരിക്കുന്ന ശുദ്ധജല കൊഞ്ചിന്റെ (fresh water prawn) എണ്ണത്തിലും വലുപ്പത്തിലും വന്ന കുറവും ശ്രദ്ധേയമാണ്.

ഇതിനിടയില്‍ പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന രീതിയില്‍ ചില സ്വകാര്യ വ്യക്തികള്‍ നെല്‍കൃഷിക്കു വേണ്ടി പാട്ടത്തിന് ലഭിച്ച കായല്‍ പ്രദേശം കാലാകാലങ്ങളില്‍ വന്ന സര്‍ക്കാരുകളെ സ്വാധീനിച്ച് പട്ടയം സമ്പാദിച്ച് സ്വകാര്യ ഭൂമികളാക്കി മാറ്റി. അനുദിനം മലീമസമായിക്കൊണ്ടിരിക്കുന്ന കായല്‍ജലവും ചത്തു പൊങ്ങുന്ന ജലജീവികളും സ്ഥിതിഗതികള്‍ വഷളാക്കിക്കൊണ്ടിരുന്നു. ഇവ പരിസരവാസികളുടെ ആരോഗ്യ പ്രശ്നങ്ങളുടെ നിത്യേനെയുള്ള കാരണങ്ങളായപ്പോള്‍ പരിസ്ഥിതി സംരക്ഷകരും പ്രകൃതി സ്നേഹികളും കായല്‍ വറ്റിച്ച് കൃഷി ചെയ്യുന്നതിനെതിരെ രംഗത്തിറങ്ങി. ഇതിനെത്തുടര്‍ന്ന് കേരളത്തിലെ ശുദ്ധജല തടാകങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ 9-താം നിയമസഭ നിയമിച്ച പരിസ്ഥിതിക്കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍പ്രകാരം 1993ല്‍ വെള്ളായണിക്കായലിലെ പുഞ്ചക്കൃഷി നിര്‍ത്തലാക്കി.

വെള്ളാ‍യണിക്കായലിന്റെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ അവസാനിച്ചു എന്ന് കരുതിയവര്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് മറ്റ് ചില പ്രശ്നങ്ങള്‍ അവിടെ തുടങ്ങുകയായിരുന്നു. കായല്‍ നിലം പതിച്ചു വാങ്ങിയ ചിലര്‍ അവ മണ്ണിട്ട് നികത്തി പുരയിടങ്ങള്‍ ആക്കാന്‍ തുടങ്ങി. കൂടുതല്‍ വിളവിനായി കായലില്‍ മണ്ണുകൂട്ടി തെങ്ങ് നടുക എന്ന വെള്ളായണി കാര്‍ഷിക കോളേജ് ആവിഷ്കരിച്ച ഭ്രാന്തന്‍ ആശയം ഒരു കാരണമാക്കി പിന്‍തുടര്‍ന്ന് മറ്റുള്ളവരും പതിച്ച് കിട്ടിയ കായല്‍ നിലത്ത് തെങ്ങുകള്‍ നടുവാന്‍ ആരംഭിച്ചു. ഇവ പിന്നീട് തെങ്ങിന്‍ തോപ്പുകളും പുരയിടങ്ങളും മണിമേടകളും ആയി മാറി. തൊണ്ണൂറുകളുടെ മധ്യത്തില്‍ ഈ പ്രവണത ശക്തി പ്രാപിച്ചു. അങ്ങനെ ആ‍റ് മാസം കൃഷി ചെയ്തിട്ട് തിരികെ നല്‍കാം എന്ന ഉറപ്പിന്മേല്‍ പകുത്തു നല്‍കപ്പെട്ട വെള്ളായണിക്കായല്‍ മുന്‍പുണ്ടായിരുന്നതുപോലെ കായലായി തിരിച്ചെത്തിയില്ല എന്ന് മാത്രമല്ല ചിലവ എന്നെന്നേക്കുമായി കൃഷിയിടങ്ങളായി മാറി; ചിലവ പുരയിടങ്ങളായും മറ്റ് ചിലവ ചതുപ്പ് നിലങ്ങളായും അവശേഷിച്ചു.

കയ്യേറിയ സ്ഥലം മതില്‍ കെട്ടി തിരിച്ചിരിക്കുന്നു.


ഈ അവസ്ഥാന്തരം നല്‍കുന്ന സ്ഥിതിവിവരക്കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഏതാണ്ട് 50 കൊല്ലങ്ങള്‍ക്ക് മുന്‍പ് 750 ഓളം ഹെക്ടര്‍ (1750 ഓളം ഏക്കര്‍) വിസ്തൃതിയുണ്ടായിരുന്ന വെള്ളായണിക്കായല്‍ സ്വകാര്യ വ്യക്തികളുടെ കടന്ന് കയറ്റത്തെത്തുടര്‍ന്ന് ഇന്ന് വെറും 227 ഓളം ഹെക്ടര്‍ (550 ഓളം ഏക്കര്‍) ആയി മാറി. അതായത് മൊത്തം വിസ്തൃതിയുടെ മൂന്നിലൊന്ന്! ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒട്ടകത്തിനു സ്ഥലം കൊടുത്ത പ്രതീതി. ഇതിനിടയില്‍ ഏതോ രാഷ്ട്രീയക്കാരന്റെ നാവില്‍ കളിയാടിയ വികട സരസ്വതി - വെള്ളായണിക്കായലില്‍ 500 കോടിയുടെ ടൂറിസം പദ്ധതി കൊണ്ടുവരും - ക്രിയാത്മകമായി നടന്നില്ല എന്ന് മാത്രമല്ല, അത് നികത്തല്‍ പ്രക്രിയക്ക് ഉല്‍പ്രേരകവുമായി. കച്ചവടക്കണ്ണുകളുമായി കായല്‍ തീരങ്ങളില്‍ ഉറ്റുനോക്കിയ മറുനാടരുടെ ലക്ഷ്യം കായല്‍ സംരക്ഷണമായിരുന്നില്ല, മറിച്ച് കായലിനെ അപകടകരമാംവിധം ചൂഷണം ചെയ്യുക എന്നതായിരുന്നു. ഇത് അക്ഷരാര്‍ത്ഥത്തില്‍ നികത്തല്‍ പ്രക്രിയയുടെ ആക്കം കൂട്ടി. സ്ഥലവാസികള്‍ തങ്ങളുടെ പാടങ്ങള്‍ അവര്‍ക്ക് വില്‍ക്കാന്‍ ആരംഭിച്ചു. കായലുമായി യാതൊരു മാനസിക ബന്ധവും ഇല്ലാത്ത ഇവര്‍ കായല്‍ നികത്തല്‍ നിര്‍ബാധം തുടര്‍ന്നു. ഇങ്ങനെ പോയല്‍ ഒരു പക്ഷെ വെള്ളായണിക്കായല്‍ ചരിത്രത്തില്‍ മാത്രം അവശേഷിക്കുന്ന ഒരു സമയം വന്നേക്കാം.

വിവിധ സാമൂഹ്യസംഘടനകളും നാട്ടുകാരും ഇതിനെതിരെ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചിട്ടിണ്ട്. പക്ഷെ ഇവയുടെയെല്ലാം പ്രവര്‍ത്തനം കൊണ്ടു പോലും കായല്‍ നിലം നികത്തുന്നത് തടയാന്‍ സാധിക്കുന്നില്ല. ഇപ്പോള്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകദേശം നിലച്ച മട്ടാണ്. ഒരു കൂട്ടം ആളുകള്‍ കായല്‍ വീണ്ടും കൃഷിക്കനുയോഗ്യമാക്കണമെന്ന ആവശ്യത്തിലാണ്. കായല്‍ ഒന്നുകില്‍ വറ്റിച്ച് കൃഷി ചെയ്യണം അല്ലെങ്കില്‍ സര്‍ക്കാര്‍ തങ്ങളുടെ ഭൂമി വിലക്കെടുത്ത് കായലിനോട് ചേര്‍ക്കണം എന്ന് വാദിക്കുന്നവരും ഉണ്ട്. പക്ഷെ ആരും വെള്ളായണിക്കായലിനെ കുറിച്ച് മാത്രം ചിന്തിക്കുന്നില്ല.

കായലുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്ന ഒരു പാട് പേരെയും ഈ പ്രശ്നം ബാധിക്കുന്നു. കായലില്‍ മത്സ്യബന്ധനം നടത്തുന്നവര്‍, താറാവ് വളര്‍ത്തുന്നവര്‍ തുടങ്ങിയവര്‍ ഇവരില്‍ ചിലരാണ്. കായലിന്റെ വിസ്തൃതി കുറഞ്ഞത് കാരണം വര്‍ദ്ധിച്ച അന്തരീക്ഷ താപനില, മഴയിലുണ്ടാ‍യ കുറവ്, കിണറുകളിലെ ജലവിതാനത്തിലുണ്ടായ താഴ്ച, ഭൂഗര്‍ഭ ജലത്തിന്റെ അളവിലുണ്ടായ കുറവ് മുതലായവ കായല്‍ നികത്തലുമായി ബന്ധപ്പെട്ട നീറുന്ന പ്രശ്നങ്ങളാണ്. ഒരു കാലത്ത് ഈ കായല്‍ താമരപ്പൂക്കളാല്‍ നിറഞ്ഞിരുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിത്യ പൂജയ്ക്ക് താമരപ്പൂക്കള്‍ നല്‍കിയിരുന്ന ഈ കായലില്‍ പൂക്കളുടെ സ്ഥാത്ത് ഇന്നു ആഫ്രിക്കന്‍ പായലും ആല്‍ഗകളും മറ്റ് മാലിന്യങ്ങളുമാണ്. ഇവയെല്ലാം തന്നെ വെള്ളായണിക്കായലുമായി ബന്ധപ്പെട്ട ഇന്നും തുടരുന്ന പ്രശ്നങ്ങളാണ്.

ഇത്തരത്തില്‍ കായലിനെ നശിപ്പിക്കുമ്പോഴും മാനവരാശിയുടെ നന്മയ്ക്ക് വേണ്ടി കായലിനെ ഉപയുക്തമാക്കാനുള്ള കാര്യങ്ങള്‍ ആരും ചെയ്യുന്നില്ല്ല. വെള്ളായണിക്കായലില്‍ നിന്നും തിരുവനന്തപുരം നഗരത്തിനാവശ്യമായ ശുദ്ധജലം ലഭ്യമാക്കാനുള്ള ഒരു പദ്ധതി 1996ല്‍ നെതര്‍ലാന്‍ഡ്സുമായി സഹകരിച്ച് നടത്താന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. അരുവിക്കരയില്‍ നിന്നും വെള്ളം കൊണ്ടുവരുന്നതിനെക്കാള്‍ എളുപ്പവും ചെലവ് കുറഞ്ഞതും ഇതാണെന്നുള്ളതുകൊണ്ട് ഈ പദ്ധതി പ്രധാന്യം അര്‍ഹിക്കുന്നു. കായലിന്റെ പ്രകൃതിരമണീയത ഉപയോഗിച്ചുകോണ്ട് ഇവിടം ഒരു ടൂറിസം കേന്ദ്രം ആക്കാനുള്ള ഒരു പദ്ധതിയുമുണ്ട്. പക്ഷെ ഏതൊരു സര്‍ക്കാര്‍ പദ്ധതിയും എന്ന പോലെ ഇവയും ചുവപ്പൂ നാ‍ടകളിലെവിടെയോ കൂരുങ്ങിപ്പോയി. കേന്ദ്രസര്‍ക്കാറിന്റെ ‘തണ്ണീര്‍ത്തട പദ്ധതി’ യുടെ കീഴില്‍ ഭാരതത്തിലുടനീളം ഉള്‍നാടന്‍ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്ന ഈ സമയത്ത് പോലും വെള്ളായണിക്കായലിന്റെ രോദനം ആരും കേള്‍ക്കുന്നില്ല.

മനുഷ്യന്റെ പ്രകൃതിക്കു നേരെയുള്ള ചൂഷണത്തിനു ഉത്തമോദാഹരണമായി വെള്ളായണിക്കായല്‍ ജീവിക്കുന്നു. നഗരവല്‍ക്കരണം ഗ്രാമങ്ങളുടെ അടിത്തറയിളക്കുമ്പോള്‍ അസ്തിത്വം നഷ്ടപ്പെടുന്ന അനേകം പ്രകൃതി വിഭവങ്ങളുടെ മുന്‍ നിരയിലും വെള്ളായണിക്കായല്‍ തന്നെ. താന്‍ പരിപാലിക്കുന്ന തന്റെ മക്കള്‍ തന്നെ സ്വന്തം ശവകുടീരം തീര്‍ക്കുമ്പോള്‍ അത് പ്രകടിപ്പിക്കാനാകാതെ നൊമ്പരപ്പെടുന്ന ഒരമ്മയുടെ വിലാപം ആ ഓളങ്ങളിലെവിടെയോ മുഴങ്ങുന്നില്ലേ?