
വസന്തകാലത്തിലെ കുളിർകാറ്റു പോലെ
മഞ്ഞുകാലത്തിലെ നനുത്ത സ്പർശം പോലെ
എന്റെ ഹൃദയത്തിലേക്കു കടന്നുവന്ന
എന്റെ പ്രിയപ്പെട്ടവളെ,
ആദ്യദർശനത്തിൽത്തന്നെ എന്റെ ഉള്ളിൽ
പ്രേമത്തിന്റെ പല്ലവം വിടർത്തിയ നിന്നെ
ഞാൻ എങ്ങനെ മറക്കും?
പ്രേമം കമിതാക്കളുടെ മനസ്സിൽ
ആദ്യ ദർശനത്തിൽത്തന്നെ അങ്കുരിക്കും
എന്ന കവികളുടെ വാക്കുകൾ
സ്വജനമധ്യത്തിൽ ഖണ്ഡിക്കുമായിരുന്ന
ഞാൻ തന്നെ അതിനു അടിമ ആയത്
ഈശ്വരന്റെ ഇംഗിതം കൊണ്ടോ
അതോ
നിന്റെ അഭൌമ സൌന്ദര്യം കൊണ്ടോ?
ബാഹ്യ രൂപഭംഗി മാത്രമല്ല
മാനസിക ശുദ്ധിയും ഉള്ളവളാണു
യഥാർത്ഥ സൌന്ദര്യം ഉള്ളവൾ
എന്നു എപ്പോഴും ഉദ്ഘോഷിക്കാറുള്ള
എന്റെ മനസ്സിനെത്തന്നെ സ്വാധീനിക്കാൻ കഴിഞ്ഞ നിന്നെ,
നിന്റെ സൌന്ദര്യത്തെ,
നിന്റെ സ്വഭാവ ശുദ്ധിയെ,
എത്ര പ്രകീർത്തിച്ചിട്ടും മതിവരുന്നില്ല.
എപ്പോഴും എന്റെ മനസ്സിൽ അലയടിക്കുന്ന
നിന്റെ സൌന്ദര്യം,
നിന്റെ ഐശ്വര്യം,
മുത്തു ചിതറുന്ന നിന്റെ പുഞ്ചിരി,
കാൽ മുട്ടെത്തുന്ന നിന്റെ കാർകൂന്തൽ,
അപ്സരസ്സുകളെ തോൽപ്പിക്കുന്ന നിന്റെ അംഗ സൌന്ദര്യം,
ആകർഷണത്തിന്റെ അദ്രുശ്യ ബിന്ദുക്കൾ തൊടുത്തുവിടുന്ന,
അഗാധതയെ ഒളിപ്പിക്കുന്ന നിന്റെ കണ്ണുകൾ,
ഒന്നു തലോടുവാൻ എന്റെ കൈകൾക്കു ആജ്ഞ നൽകുന്ന
നിന്റെ കവിളുകൾ,
നനവാർന്ന നിന്റെ ചെഞ്ചൊടികൾ,
ഇവയെല്ലം എന്നെ പ്രേമോൻമാദചിത്തനാക്കുന്നു
ആ മടിയിലേക്കു എന്റെ
മാനസിക സംഘർഷങ്ങളെ ഇറക്കി വയ്ക്കാൻ
എന്റെ മനം വെമ്പൽ കൊള്ളുന്നു
അങ്ങനെ,
ഈ ലോകത്തിലെ സർവ്വതും മറന്നു
നിന്റെ മടിയിൽ എനിക്കൊന്നു തല ചായ്ക്കണം
എന്നിട്ടു,
നിന്നെ പുൽകിപ്പുണരുവാനും,
നിന്റെ ചൊടികളിലെ തേൻ നുകരുന്ന പൂമ്പാറ്റയായി മാറുവാനും,
നിന്റെ അവയവങ്ങളെ തഴുകുന്ന മയിൽപ്പീലിയായി തീരുവാനും,
എന്റെ മനസ്സു തുടിക്കുന്നു.
പ്രകൃതിയിലെ സർവ്വ ചരാചരങ്ങളും
നിദ്രയെ പുൽകുന്ന രാത്രിയിൽ
എന്റെ സ്വപ്നലോകത്തിൽ സ്വച്ഛന്തം വിഹരിക്കുന്ന നിന്നെ,
കലാലയത്തിലെ തേൻമാവിന്റെ ചുവട്ടിൽ
എകാന്തതയെ പരിണയിക്കുന്നെ എന്റെ മനസ്സിലേക്കു
ഒരിളം കാറ്റു പോലെ കടന്നു വരുന്ന നിന്നെ,
ഇല്ല പ്രണയിനി ഈ ജൻമം കഴിയില്ല മറക്കാൻ.
പ്രകടമായ മാറ്റത്തിന്റെ ഉൾവിളികളുമായി
കലാലയം മുഖരിതമാകുമ്പോഴും
തുടങ്ങിയാലൊടുങ്ങും വരെ
തുടിച്ചു തിമിർക്കുന്ന ഇടവപ്പാതിയിൽ
മനസ്സു കുളിരുമ്പോഴും
ആ കുളിർമ ഞാനറിയുന്നില്ല
കാരണം എന്റെ ഉള്ളിൽ നിന്നെക്കുറിച്ചുള്ള ഓർമ്മകൾ മാത്രം.
പ്രതീക്ഷയുടെ അകലങ്ങളിലൊ,
എകാന്തതയുടെ അഗാധതകളിലോ,
നിർബാധം വിഹരിച്ചു കൊണ്ടിരിക്കുന്ന എന്റെ മനസ്സ്
കൂടണയാൻ കൊതിച്ചാൽ പോലും
ഇരിക്കാൻ ഒരു മരക്കമ്പു പോലും കിട്ടാത്ത
ഇന്നത്തെ അവസ്ഥയിൽ
അകലെ കാണുന്ന ഒലിവു വൃക്ഷമാണു നീ
അപ്പപ്പോളൊ ചിലപ്പോളൊ
പ്രത്യക്ഷപ്പെടുന്ന പ്രകാശ വീചികളിൽ
ഭ്രമിച്ചു പോകുന്ന എനിക്കു
ശാശ്വതമായ ഈ പ്രകാശ പ്രഭ സ്വന്തമാക്കാൻ
ഇനി എത്ര നാൾ...