അനഖമീ ജീവിതയാത്രയിൽ കിട്ടിയ
ആത്മ ഹർഷത്തിന്റെ സോപാനമേ
ആദ്യമായ് കണ്ടതും ഹൃദയത്തിൽ കൊണ്ടതും
അര മാത്ര നീണ്ടൊരു സ്വപ്നമല്ലാ!
അലയുന്നു ഞാനിന്നീ അകലുന്ന വീഥിയിൽ
ആത്മദു:ഖത്തിന്റെ ഭാണ്ഡവുമായ്
ആയിരം കാതം നടന്നാലുമെൻ മനം
അറിയുമോ തോഴീ നിൻ നൊമ്പരങ്ങൾ!

പ്രകൃതി തൻ മാറിൽ വിഹരിച്ചിടുന്നൂ
പക്ഷിമൃഗാദികൾ മീനുകൾ മാനവർ
എല്ലാ ജീവികളുമൊരലകടലായിയീ
പ്രകൃതി തൻ ദേഹിയെ കാർന്നുതിന്നീടുന്നു
കാണുന്നു മുന്നിൽ സ്വജീവൻ നയിക്കുവാൻ
വെമ്പുന്ന പരതുന്ന കേഴുന്ന ജീവികൾ
കരുത്തനാം സിംഹത്തിന്നയലത്തെത്തുന്നൊ
രൊത്തമാൻപേടതൻ ജീവനായ് കേഴുന്നു.
മൃഗരാജനവനജയനായ് വാഴുമ്പോൾ
നിഗ്രഹിച്ചീടുന്നു അവനെയീ മാനവൻ
പ്രകൃതി മമ താളം നിലനിറുത്താനവൾ
കഷ്ടപ്പെടുന്നുവീ കലിയുഗാന്ത്യത്തിലും
അവളുടെ താളം തകർക്കാനീ മാനവൻ
കച്ചകെട്ടീടുന്നൂ സഹജീവിഹത്യയാൽ
തോക്കുകൾ മുതലാറ്റം ബോമ്പുകളുമായവൻ
ഈ ഹീന സംഹാര നൃത്തത്തിനായുന്നു
ആർത്തയാം പ്രകൃതിയുടെ അവസാനവാക്കിന്നു
ഹേതുവായിത്തീരുന്നുവീയായുധങ്ങൾ
ഒന്നോർത്തുനോക്കിലീ പ്രകൃതി നിസ്സാരയാ
ണതിലെ ചരാചരങ്ങളതിലേറെയും
തൻ സുതപീഢയാലവശയാമായമ്മ
പാർക്കട്ടെ സ്വസ്ഥയായ് തൻ ശിഷ്ടകാലം.