Monday, April 17, 2006

പായ്ക്കപ്പലുകൾ

സൂര്യന്‍ ഈയിടെയായി ഉദിക്കുന്നത് മലകളുടെ അപ്പുറത്തല്ല മറിച്ച് മാനം മുട്ടുന്ന കോണ്‍‍ക്രീറ്റ് സൌധങ്ങളുടെ മറവിലാണ്. ഞാന്‍ സൂര്യനെ കാണുന്നത് ഇലകളുടെ ഇടയിലൂടെയും അല്ല മറിച്ച് എന്റെ ഫ്ലാറ്റിന്റെ അഴിയില്ലാത്ത ചെമ്പിച്ച നിറമുള്ള ജനാലയിലൂടെയാണ്. അല്പനേരം കൂടെ കഴിഞ്ഞാല്‍ ഞാനും മുന്നില്‍ കാണുന്ന ജനസാഗരത്തിന്റെ ഭാഗമാകും. എന്നിട്ട് ജയിലറകളെന്ന് തോന്നിക്കുന്ന ക്യുബിക്കിളുകളില്‍ ഒരെണ്ണത്തില്‍ പോ‍യി ഒളിക്കും. പൊട്ടക്കിണറ്റിലെ തവളയെപ്പോലെ എന്റെ ലോകം ഈ നാലു ചുമരുകൾക്കുള്ളില്‍ ഭദ്രം. അടുത്തിരിക്കുന്ന ഫ്ലവര്‍ വേസ് വളരെ ആകര്‍ഷകം ആണ്. പക്ഷെ അതില്‍ എന്നുമെന്നും പൂക്കള്‍ മാറ്റേണ്ട ആവശ്യം ഇല്ല. ഏകാന്തതയെ സ്നേഹിക്കുന്ന എന്നെ അതില്‍ നിന്നും അലോസരപ്പെടുത്താന്‍ ഒരു ടെലഫോണും ഉണ്ട്. ഇതിന് മുന്‍പ് ഈ ക്യുബിക്കിളില്‍ ഉണ്ടായിരുന്ന അന്തേവാസി ഉപേക്ഷിച്ചിട്ട് പോയ ഒരു അനാഥ ഗ്രീറ്റിങ്ങ് കാര്‍ഡും കൂടെ ചേര്‍ന്നാല്‍ എന്റെ കുഞ്ഞു ലോകം ആയി.

ഇന്നലെ മഴ പെയ്തു. മഴത്തുള്ളികള്‍ ജന്മം നല്‍കുന്ന കുഞ്ഞ് കുഞ്ഞ് ചോലകള്‍ കീറി മുറിച്ച് മുന്നേറാന്‍ കടലാസ് കപ്പലുകള്‍ എന്തേ ഇതു വരെ പടയൊരുക്കം ആരംഭിച്ചില്ലാ? ഏകാന്തത എനിക്ക് മാത്രമല്ല മഴത്തുള്ളികള്‍ക്കും ഉണ്ടെന്നറിഞ്ഞപ്പോള്‍ മറ്റൊരു സുഹൃത്തിനെ കിട്ടിയ തോന്നല്‍. സൌഹൃദത്തിന്റെ തുടക്കം എപ്പോഴും അങ്ങനെ ആണല്ലോ. കടലാസ്സ് കപ്പലുകള്‍. സൌഹൃദം. കപ്പലുകള്‍.

അങ്ങനെ വീണ്ടും കഥ കപ്പലില്‍ തന്നെ എത്തി. ഒരു പായ്ക്കപ്പല്‍. അല്ല അനേകം പായ്ക്കപ്പലുകല്‍. പക്ഷേ ഇവ ഒന്നും എനിക്ക് സുപരിചിതം ആയവ അല്ല. അവ എവിടെ പോയി? ഒരുമിച്ച് പടയൊരുക്കങ്ങള്‍ നടത്തിയ ആ പഴയ പായ്ക്കപ്പല്‍ വ്യൂഹം. അവ എവിടെ പോയി? അങ്ങു ദൂരെ ചക്രവാള സീമയില്‍ ഒരു മിന്നിത്തിളക്കം. പരിചിതമായ ഒരു പടവിളി. മറ്റാരൊക്കെയോ നിയന്ത്രിക്കുന്ന എന്റെ പായ്ക്കപ്പല്‍ എന്നെ അവിടെ എത്തിക്കുമോ? സ്വന്തം കപ്പലിന്റെ നിയന്ത്രണം പോലും ഇല്ലാത്ത ഈ കപ്പിത്താന് ആക്രോശിക്കാനല്ലാതെ എന്ത് ചെയ്യാന്‍ കഴിയും? ആ മിന്നിത്തിളക്കത്തിന്റെ അരികില്‍ എത്താനുള്ള വ്യഗ്രതയിലും ഈ കപ്പിത്താന്റെ മനസ്സില്‍ വേദന ഇല്ല. മറിച്ച് ശുഭാപ്തിവിശ്വാസം മാത്രം. കാരണം ഈ ശക്തികള്‍ക്കൊക്കെ അവന്റെ പായ്ക്കപ്പലിനെ മാത്രമല്ലേ നിയന്ത്രിക്കാന്‍ കഴിയൂ. മനസ്സിനെ...

8 comments:

രാജ് said...

ജിത്തുവിനെ മറന്നിരിക്കുകയായിരുന്നു. പഴയ പോസ്റ്റുകള്‍ ഒരിക്കല്‍ കൂടി വായിക്കുവാന്‍ പുതിയ പോസ്റ്റ് നിമിത്തമായി. മലയാളം എഴുതുന്ന സോഫ്റ്റ്‌വെയര്‍‍ ഒന്നു പരിശോധിക്കൂ, ചില്ലക്ഷരങ്ങള്‍ ശരിയായിട്ടല്ല അതെഴുതുന്നതു്. ഒരു പക്ഷെ താങ്കള്‍ പുതിയ വേര്‍ഷന്‍ ആവില്ല ഉപയോഗിക്കുന്നതു്.

Visala Manaskan said...

നല്ല പോസ്റ്റ്

Sujith said...

> പെരിങ്ങോടന്‍
അതു ശരി. പുതിയ വേര്‍ഷന്‍സ് ഏതൊക്കെയാണ്? എവിടെ കിട്ടും?

> വിശാലമനസ്കന്‍
വളരെ നന്ദി. :-)

Kalesh Kumar said...

ജിത്തുവേ, ഇതെവിടാ???
കടലാസ്സുകപ്പലുകളുടെ പടയൊരുക്കം നന്നായിട്ടുണ്ട്! :)

silverine said...

The feeling is the same..the claustrobhia of the cubicle when you want to be out in the sunshine. But life passes you by as you spend the best moments of a day in that cubicle.

Beautifully expressed Jithu.

p.s. will we ever see a sunrise over trees again?

Sujith said...

> kalesh
namaskaaram. athe angane kure naalukalkku sesham :-)

> silver
i never thought u know to read malayalam. okay i underestimated u here :p

ശനിയന്‍ \OvO/ Shaniyan said...

കൊള്ളാം ട്ടാ, അപ്പൊ ഇതു ലോക നിലവാരത്തിലുള്ള തോന്നലാ അല്ലേ? :)

ഇതിരി വൈകിയതിനു ക്ഷമിക്കണേ..

സ്പാ‍മരന്‍ കേറിയല്ലോ അതിനിടെ? വേഡ് വെരിഫികേഷന്‍ ഇട്ടോളൂ മാഷെ.

Anonymous said...

അതിനേയും നിയന്ത്രിക്കുന്നതിനുള്ള ആദ്യ പടി എന്ന നിലയിലാണ് നിന്നെ ക്യൂബിക്കിളില്‍ തടച്ചിട്ടിരിക്കുന്നത് ,സൂക്ഷിച്ചോ :)